മൃതദേഹങ്ങൾ എങ്ങനെ തിരികെയെത്തിക്കും? വിപഞ്ചികയുടെ ഭർത്താവിനാണ് നിയമാവകാശമെന്ന് ഹൈക്കോടതി

കൊച്ചി : ഷാർജയിൽ കൊല്ലം സ്വദേശിനിയും മകളും മരിച്ച സംഭവത്തിൽ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജി പരിഗണിച്ച കോടതി മൃതദേഹത്തിൽ ഭർത്താവിനാണ് നിയമാവകാശമെന്ന് പറഞ്ഞു. മരണപ്പെട്ട വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് വിപഞ്ചികയുടെ അമ്മ ഷൈലജയ്ക്കു വേണ്ടി കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ ഭർത്താവിന്റെ ഭാഗം കൂടി കേൾക്കണമെന്നും മൃതദേഹം കാണുന്നത് പോലെയല്ല അവകാശം ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തെന്നു കരുതി കുഞ്ഞിന്റെ മൃതദേഹത്തിൽ അവകാശമില്ലെന്ന് പറയാനാവില്ല. ഭർത്താവിനാണ് മൃതദേഹത്തിൽ നിയമാവകാശമെന്നു പറഞ്ഞ കോടതി എംബസിയുടെ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. കേസിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെ കക്ഷി ചേർക്കാനും കോടതി ആവശ്യപ്പെട്ടു. ഹർജി വീണ്ടും നാളെ പരിഗണിക്കും.
ജസ്റ്റിസ് നഗരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദേശത്തുവച്ച് നടന്ന സംഭവമായതിനാൽ അവിടെ പൊലീസ് അന്വേഷിക്കുമെന്നും അവിടുത്തെ രീതിയനുസരിച്ച് മൃതദേഹത്തിന് ഭർത്താവിനാണ് അവകാശമെന്നും അതിനാൽ അധികം ഇടപെടാൻ സാധിക്കില്ലെന്നുമാണ് കോടതി പറഞ്ഞത്. നാളെ മറുപടി വന്ന ശേഷം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
വിപഞ്ചിക ഭർതൃവീട്ടുകാരിൽ നിന്നും ക്രൂരമായ പീഡനങ്ങൾ നേരിട്ടിരുന്നുവെന്നും വിപഞ്ചികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനാണ് നിധീഷും വീട്ടുകാരും ശ്രമിക്കുന്നതെന്നും അത് തടഞ്ഞ് ഇരുവരുടെയും മൃതദേഹം നാട്ടിൽ എത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിൽ വിപഞ്ചികയുടെ കുടുബം ഹർജി നൽകിയത്.
യുഎഇ നിയമത്തിൽ മക്കളുടെ അവകാശം അച്ഛനായിരിക്കെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ നിധീഷ് മോഹന് വിട്ടുനൽകിയിരുന്നു. ഇതിനിടെയാണ് വിപഞ്ചികയുടെ അമ്മ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കുഞ്ഞിനെ അമ്മയോടൊപ്പം നാട്ടിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടത്. സംസ്‌കരിക്കാനായി ശ്മശാനത്തിലെത്തിച്ച കുട്ടിയുടെ മൃതദേഹം തിരികെ മോർച്ചറിയിലേക്കു മാറ്റാൻ കോൺസുലേറ്റ് അടിയന്തര നിർദേശം നൽകി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചിക (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടർന്നാണ് മരണമെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്ന് വിപഞ്ചിക കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്.
മകളുടെ ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനമാണ് യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിനിടയാക്കിയതെന്ന വിപഞ്ചികയുടെ അമ്മയുടെ പരാതിയിൽ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. നിലവിൽ ശാസ്താം കോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.









0 comments