ad
Deshabhimani

പെരുമൺ ദുരന്തത്തിന് 
നാളെ 37 വയസ്സ്‌

perumon tragedy
വെബ് ഡെസ്ക്

Published on Jul 07, 2025, 12:20 AM | 1 min read


കൊല്ലം

രാജ്യത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ചൊവ്വാഴ്ച 37 വയസ്സ്. 105 പേരുടെ ജീവൻ കവർന്ന ദുരന്തത്തിന്റെ കാരണം ഇന്നും ബോധപൂർവം മറയ്‌ക്കപ്പെട്ടിരിക്കുന്നു. മഴമേഘങ്ങൾ മൂടി ചാറ്റൽ മഴ നിറഞ്ഞ1988 ജൂലൈ എട്ടിന്റെ പകൽനേരത്ത് ബംഗളൂരുവിൽനിന്ന്‌ കന്യാകുമാരിയിലേക്കു പോയ ഐലൻഡ് എക്സ്പ്രസിന്റെ 10 ബോഗികളാണ് അഷ്ടമുടിക്കായലിൽ പതിച്ചത്.


നാട്ടുകാർ സ്വജീവനെ കുറിച്ച് ചിന്തിക്കാതെ അവസരോചിതമായി നടത്തിയ രക്ഷാപ്രവർത്തനം കൊണ്ടാണ് മരണസംഖ്യ 105ൽ ഒതുങ്ങിയത്. കേന്ദ്രംഭരിച്ച കോൺഗ്രസ് സർക്കാരിലെ റെയിൽവേ മന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർടികൾ മൃതദേഹങ്ങളുമായി നിരനിരയായി പോയ ആംബുലൻസുകൾ തടഞ്ഞില്ല. പൊലീസുകാരെ ആക്രമിച്ചതുമില്ല. ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ശരിയായ അന്വേഷണം നടത്തി ദുരന്തകാരണം കണ്ടെത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.


എന്നാൽ, അന്നത്തെ റെയിൽവേ സേഫ്റ്റി കമീഷണർ സൂര്യനാരായണനും തുടർന്ന് റിട്ട. എയർമാർഷൽ സി എസ് നായിക്കും വ്യത്യസ്തമായ രണ്ട് അന്വേഷണങ്ങൾ നടത്തിയ ശേഷം ടൊർണാഡോ ചുഴലിക്കാറ്റാണ് വലിയ ഭാരമുള്ള ബോഗികളെ അഷ്ടമുടിക്കായലിലേക്ക് തള്ളിയിട്ടതെന്ന വിചിത്രമായ കണ്ടെത്തലാണ് നടത്തിയത്. ചാറ്റൽ മഴ മാത്രം ഉണ്ടായിരുന്ന ദിവസം നാട്ടുകാർ ആരും അറിയാതെ ചുഴലിക്കാറ്റ് വീശി എന്നു കണ്ടുപിടിച്ച കോൺഗ്രസ് സർക്കാരിന്‌ എന്തോ മറച്ചുവയ്‌ക്കാൻ ഉണ്ടായിരുന്നുവെന്ന് വ്യക്തം. ദുരന്തകാരണം ഇന്നും അജ്ഞാതം.


മരിച്ചവർക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ലഭിച്ചില്ല എന്നു മാത്രമല്ല യഥാർഥ അവകാശികളില്ല എന്നുപറഞ്ഞ് പലർക്കും നഷ്ടപരിഹാരം നിഷേധിച്ചു. മുൻവർഷങ്ങളെപ്പോലെ മരിച്ചവരുടെ ബന്ധുക്കൾ രാവിലെ പെരുമണ്ണിലെ ദുരന്ത സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തും. പനയം പഞ്ചായത്തിന്റെയും പെരുമൺ തീവണ്ടി ദുരന്ത അനുസ്മരണ കമ്മിറ്റിയുടേയും നേതൃത്വത്തിൽ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home