ad
Deshabhimani

ഇച്ഛാശക്തിയിൽ ഒരുങ്ങിയ പെരുമ്പളം പാലം; ശനിയാഴ്ച നാടിന് സമർപ്പിക്കും

perumbalam bridge
വെബ് ഡെസ്ക്

Published on Mar 06, 2026, 06:39 AM | 2 min read

ചേർത്തല: ഒരിക്കലും യാഥാർഥ്യമാകില്ലെന്ന്‌ കരുതിയ പെരുമ്പളം പാലവും എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായി. വേമ്പനാട്‌ കായലിന്‌ കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിൽ നിർമിച്ച പാലം മാർച്ച്‌ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. ജില്ലയുടെ മറ്റൊരു സ്വപ്ന പദ്ധതിയായ ആലപ്പുഴ- ചങ്ങനാശേരി റോഡും (എസി റോഡ്) നാടിന് സമർപ്പിക്കും. പകൽ 11ന്  മുഖ്യമന്ത്രി പെരുമ്പളം പാലം നാടിന്‌ സമർപ്പിക്കും. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.


​കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ പാലം. ഒറ്റപ്പെടലിന്റെ തീരാദുരിതംപേറിയ ജനതയ്‌ക്ക്‌ പുതുജീവിതം സമ്മാനിക്കുന്നതും പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിലും പരിസരത്തും വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതാണ്‌ സർക്കാരിന്റെ അഭിമാന പദ്ധതി.


നിയമക്കുരുക്കുകൾ ഉൾപ്പെടെയുള്ള വെല്ലുവിളി അതിജീവിച്ചാണ്‌ പാലം യാഥാർഥ്യമാക്കിയത്‌. 10000ൽപ്പരം മാത്രമുള്ള പെരുമ്പളത്തുകാർക്കായി 100 കോടിയിലേറെ ചെലവിട്ട്‌ പാലം നിർമിച്ചത്‌ കേരളവികസന ചരിത്രത്തിൽ സുപ്രധാനമായി. എല്ലാവരിലും വികസനത്തിന്റെ സ്വാദ്‌ എത്തണമെന്ന സർക്കാർനയമാണ്‌ നാടിന്‌ അനുഗ്രഹമായത്‌.


​11 മീറ്റർ വീതിയിൽ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയിൽ തുടങ്ങുന്ന പാലം വിസ്‌മയക്കാഴ്‌ചയാണ്‌. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത്‌ തൂണുകൾ ഒഴിവാക്കാൻ ബോസ്‌ട്രിങ്‌ ആർച്ച്‌ മാതൃകയിലാണ്‌ നിർമാണം. ഇവിടെ മഴവിൽ വർണത്തിലാണ്‌ പെയിന്റിങ്‌. ഇരുകരകളിലെയും സമീപനറോഡ്‌ ടാറിങ്ങും പാലത്തിൽ കോൺക്രീറ്റിന്‌ മുകളിലെ ടാറിങ്ങും മാത്രമാണ്‌ പൂർത്തിയാകാനുള്ളത്‌.


752 കോടി ചെലവിൽ നിർമിച്ച എസി റോഡ്, 65.5 കോടി രൂപയിൽ നിർമിച്ച പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിർമാണം എന്നിവ രാവിലെ 10ന്‌ മങ്കൊമ്പ് ജങ്‌ഷനിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കെഎസ്ടിപിയുടെ മേൽനോട്ടത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെമി എലിവേറ്റഡ് ഹൈവേയായാണ് എസി റോഡ് പുനരുദ്ധരിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ കെആർഎഫ്ബിയുടെ മേൽനോട്ടത്തിലാണ് പടഹാരം പാലം പൂർത്തിയാക്കിയത്‌.


ചടങ്ങുകളിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പി പ്രസാദ്, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ്‌ ജനപ്രതിനിധികളും പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home