print edition കുടുംബംപോറ്റാൻ ചായപ്പാത്രവുമായി ഇനി അലയേണ്ട; അസം ബാലന്റെ കുടുംബത്തിന് ഫ്ലാറ്റ് നൽകാൻ പെരിന്തൽമണ്ണ നഗരസഭ

തഫസ്സുൽ വഴിയാത്രക്കാരുടെ കാറിനടുത്ത് ചായയുമായി (വൈറലായ വീഡിയോയിൽനിന്ന്)

സ്വന്തം ലേഖകൻ
Published on Oct 29, 2025, 11:52 AM | 1 min read
പെരിന്തൽമണ്ണ: അസം ബാലൻ തഫസ്സുൽ ഹുസൈന് ഇനി ചായവിൽക്കാൻ തെരുവിൽ അലയേണ്ട. അസുഖബാധിതയായ ഉമ്മയുമായി വാടക വീടുകൾ തേടിനടക്കേണ്ട. സമൂഹമാധ്യമങ്ങളിൽ വൈറലായ ബാലന്റെ ജീവിതകഥ മനസ്സിലാക്കിയ പെരിന്തൽമണ്ണ നഗരസഭ കുടുംബത്തിന് ഫ്‌ളാറ്റ് വാഗ്‌ദാനംചെയ്‌ത് രംഗത്തെത്തി. പഠനചെലവും ഉമ്മയുടെ ചികിത്സാചെലവും നഗരസഭ ഏറ്റെടുക്കുമെന്നും ചെയർമാൻ പി ഷാജി ‘ദേശാഭിമാനി’യോട് പറഞ്ഞു. വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് തഫസ്സുലും കുടുംബവും മഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് താമസം മാറിയത്. വാഹനാപകടത്തിൽ ബാപ്പ മരിച്ചതോടെ കുടുംബം അനാഥമായി. സംഭവശേഷം ഉമ്മ മാനസികമായി തകർന്നു. അസുഖബാധിതയായ ഉമ്മയെ ചികിത്സിക്കാനും കുടുംബം പോറ്റാനും ചായയും പലഹാരവുമായി തഫസ്സുൽ ഹുസൈൻ പെരിന്തൽമണ്ണ ബൈപാസ് റോഡിലേക്കിറങ്ങി. പെരിന്തൽമണ്ണ ബോയ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ തഫസ്സുൽ സ്കൂൾവിട്ടശേഷമാണ് തൊഴിലിനിറങ്ങിയത്. നന്നായി മലയാളം സംസാരിക്കുന്ന കുട്ടി എളുപ്പം ആളുകളുടെ ഹൃദയം കീഴടക്കി. ഒരു വ്‌ളോഗർ വീഡിയോയിൽ പകർത്തിയ രംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ കുടുംബത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞത്.
നഗരസഭയുടെ ഐഎച്ച്എസ്ഡിപി ഫ്ളാറ്റിലാണ് കുടുംബത്തിന് താമസമൊരുക്കുക. നിലവിലെ താമസക്കാർ ഒഴിയുന്ന മുറയ്‌ക്ക് ഫ്ളാറ്റ് നൽകും. എല്ലാ മാസവും ഭക്ഷ്യകിറ്റ് എത്തിക്കും. വീഡിയോ വൈറലായതോടെ നിരവധി പേർ സഹായം വാഗ്ദാനംചെയ്ത് കുടുംബത്തെ ബന്ധപ്പെടുന്നുണ്ട്. മലയാളികളുടെ നല്ല മനസ്സിന് നന്ദി പറയുകയാണ് കുടുംബം.










0 comments