ad
Deshabhimani

കന്നാസിൽ പെട്രോൾ വാങ്ങിയത് സോനയോ? കാറിന് തീപിടിച്ച് ​ഗർഭിണി മരിച്ച സംഭവത്തിൽ വൻവഴിത്തിരിവ്

Perambra Car Fire Sona Death

പേരാമ്പ്രയിലെ പെട്രോൾ പമ്പിൽനിന്ന് കന്നാസിൽ പെട്രോൾ വാങ്ങിവരുന്ന യുവതി | സിസിടിവി ദൃശ്യങ്ങളിൽനിന്ന് (ഇടത്), തീപിടിച്ച കാർ പൊലീസും ഫോറൻസിക് വിഭാഗവും
പരിശോധിക്കുന്നു ​(വലത്)

വെബ് ഡെസ്ക്

Published on May 19, 2026, 12:45 PM | 1 min read

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ​കക്കറമുക്ക് സ്വദേശി സോന (28) ദാരുണമായി മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ് നി​ഗമനം. കാറിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. അപകടത്തിന് തൊട്ടുമുൻപ് ഒരു യുവതി കന്നാസിൽ പെട്രോൾ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ യുവതി മരണപ്പെട്ട സോന തന്നെയാണെന്നാണ് സൂചന. പേരാമ്പ്ര ടൗണിനോട് ചേർന്നുള്ള പമ്പിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.


തീപിടിത്തതിന് കാരണം വാഹനത്തിന്റെ തകരാറല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാറിന്റെ പിൻഭാഗത്തുനിന്ന് തീ പടർന്നെന്നാണ് കരുതുന്നത്. എൻജിനിലും ബോണറ്റിലും തീപിടിച്ചതിന്റെ സൂചനകളൊന്നും ലഭിച്ചില്ല.


വെള്ളി രാത്രി ഒമ്പതരയോടെയാണ് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ തോട്ടുമുറി മരക്കാട്ടുപുറത്ത് ഓടിക്കൊണ്ടിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്‌ തീപിടിച്ചത്. അപകടത്തിൽ 65 ശതമാനത്തോളം പൊള്ളലേറ്റ ഭർത്താവ് റിജിൻലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


മൂന്ന്‌ വര്‍ഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ആറ് മാസം ​ഗർഭിണിയായിരുന്നു സോന. ആശുപത്രിയിലും കുരുടി മുക്കിലുള്ള ബന്ധുവീട്ടിലും പോയി തിരിച്ച് വരുന്നതിനിടെയാണ്‌ കാറിന് തീപിടിച്ചത്. ഉഗ്ര സ്‌ഫോടനത്തോടെ തീ ആളിപ്പടരുന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്.


ഈ സമയം കാറില്‍നിന്ന് ദേഹമാസകലം തീയുമായി റിജിൻലാൽ ഓടി സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ചാടുന്നതാണ് നാട്ടുകാര്‍ കാണുന്നത്. നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് തീ കെടുത്താനായത്. സോന കാറിന്റെ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. ഭാര്യകൂടി ഉണ്ടെന്ന് റിജിന്‍ലാല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ത്ത് സോനയെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


സോനയും ഭർത്താവ് റിജിൻ ലാലും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായായി ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ വീട്ടുകാരും ആരോപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home