ചോദ്യപേപ്പർ ചോർച്ച: സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

കോഴിക്കോട്: എസ് എസ് എൽ സി പരീക്ഷയ്ക്കുള്ള ചോദ്യം ചോർന്ന കേസിൽ മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂണിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ വിവാദ കേസിൽ കണ്ണിയായ പ്യൂൺ അബ്ദുൽ നാസറിനെയാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ കേസിൽ അറസ്റ്റിലായ എംഎസ് സൊല്യൂഷൻസ് സ്ഥാപനത്തിലെ തിരൂരങ്ങാടി സ്വദേശി കെ ഫഹദും അബ്‌ദുൾ നാസറും മുമ്പ് ഒരേ സ്കൂളിൽ ജോലി ചെയ്തിരുന്നു. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് കേസ്. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.
കഴിഞ്ഞ പത്താം ക്ലാസ് അർധവാർഷിക പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യക്കടലാസിൽ 18 മുതൽ 26 വരെ എല്ലാ ചോദ്യങ്ങളും കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബ് യുട്യൂബ് വഴി പുറത്തെത്തിച്ചിരുന്നു. ഇതോടെയാണ് ചോദ്യപേപ്പർ ചോർച്ച ആരോപണം ഉയർന്നത്.
കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ലീഷ് പരീക്ഷ പ്രവചിച്ചതിൽനിന്ന് ചോദ്യപേപ്പർ ചോർച്ച വ്യക്തമാവുന്നതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായും സർക്കാർ ഉദ്യോഗസ്ഥരായ മറ്റ് പ്രതികളുടെ സഹായത്തോടെ ഷുഹൈബ് ഗൂഢാലോചന നടത്തിയെന്നും സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലും കണ്ടെത്തി വ്യക്തമാക്കി.
ക്രിസ്തുമസ്-അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണം നടത്തിയിരുന്നു. എസ്.എസ്.എല്‍.സിയുടെയും പ്ലസ് വണിന്റെയും ചോദ്യപേപ്പറുകളാണ് പരീക്ഷയുടെ തലേ ദിവസം യൂ ട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്.









0 comments