ad
Deshabhimani

print edition കാത്തിരുന്നത്‌ 34 വർഷം ; 
ഒടുവിൽ കിട്ടി 2,394 രൂപ

pension amount
avatar
പി സി പ്രശോഭ്‌

Published on Nov 02, 2025, 03:45 AM | 1 min read


കോട്ടയം

പെൻഷൻ പറ്റിയപ്പോൾ കിട്ടേണ്ടിയിരുന്ന 2,394 രൂപ – അതിനായി വി എ ജനാർദനൻ കാത്തിരുന്നത്‌ 34 വർഷം. ഒടുവിൽ 90–ാം വയസിൽ, ആ തുക അക്ക‍ൗണ്ടിലെത്തി. ""വലിയ തുകയായിട്ടൊന്നുമല്ല. എങ്കിലും അർഹതപ്പെട്ട പണം കിട്ടിയെന്ന സംതൃപ്‌തി. അതാണ്‌ എനിക്കിപ്പോഴുള്ളത്‌.'' – ജനാർദനൻ പറഞ്ഞു. കെട്ടിക്കിടക്കുന്ന ഫയലുകൾ അതിവേഗം തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീവ്രയജ്ഞത്തിലാണ്‌ മൂന്നര പതിറ്റാണ്ട്‌ പഴക്കമുള്ള ജനാർദനന്റെ ഫയലും തീർപ്പായത്‌.


1958ൽ കൊച്ചി നഗരസഭയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടറായാണ്‌ നാഗമ്പടം വട്ടോടിൽ (ജിതേഷ്‌ഭവൻ) വി എ ജനാർദനൻ സർവീസിൽ പ്രവേശിക്കുന്നത്‌. 1978ൽ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സീനിയർ എച്ച്‌ഐ ആയിരിക്കെയാണ്‌ സർക്കാരിന്റെ കുടുംബക്ഷേമപദ്ധതിയിൽ അംഗമായത്‌. മാസം 10 രൂപ അതിലേയ്‌ക്ക്‌ അടയ്‌ക്കണം. 13 വർഷം അടച്ചു. വിരമിക്കുന്പോൾ ഇ‍ൗ തുകയും സർക്കാരിന്റെ ചെറിയൊരു വിഹിതവും കിട്ടുന്നതാണ്‌ പദ്ധതി.


1991ൽ, അമ്പത്തിയഞ്ചാം വയസിൽ വിരമിച്ചപ്പോൾ, തുക സാങ്കേതികത്വത്തിൽ കുടുങ്ങി. സാന്പത്തിക സ്ഥിതിവിവരക്കണക്ക്‌ വകുപ്പ്‌ ജീവനക്കാരനായിട്ടാണ്‌ ജോലിയിൽ പ്രവേശിച്ചതെങ്കിലും, കൊച്ചി കോർപ്പറേഷനിൽനിന്നാണ്‌ വിരമിച്ചത്‌. അതുകൊണ്ട്‌ തുക നൽകേണ്ടതാര്‌ എന്നതു സംബന്ധിച്ച്‌ വകുപ്പുകൾക്കിടയിൽ സാങ്കേതികപ്രശ്‌നങ്ങൾ വന്നു. വർഷങ്ങൾ അങ്ങനെ കടന്നുപോയി. കോർപറേഷനുമായും വകുപ്പുമായും ജനാർദനൻ നിരന്തരം കത്തിടപാടുകൾ നടത്തി.


ഇതിനിടെ മക്കൾ ജോലിക്കാരായി, കുടുംബം നല്ല നിലയിലായി. എന്നിട്ടും എന്തുകൊണ്ടോ തനിക്ക്‌ കിട്ടേണ്ട കൊച്ചുതുക വിട്ടുകളയാൻ ജനാർദനന്‌ മനസുവന്നില്ല. അടുത്തിടെ പരാതി ലഭിച്ചപ്പോൾ, എൽഡിഎഫ്‌ സർക്കാർ വിഷയം ഉടൻ തീർപ്പാക്കാൻ നിർദേശിച്ചു. സാന്പത്തിക സ്ഥിതിവിവരക്കണക്ക്‌ വകുപ്പിലെ സീനിയർ അക്ക‍ൗണ്ട്‌സ്‌ ഓഫീസർ സാം ജോൺ ഫയലുകൾ അതിവേഗം നീക്കി. ഒടുവിൽ തുക പാസാക്കി സെപ്‌തംബർ 21ന്‌ ഉത്തരവിറങ്ങി. കഴിഞ്ഞയാഴ്‌ച തുക അക്ക‍ൗണ്ടിൽ വന്നു. ""സർക്കാരിന്റെ ഇടപെടൽ അഭിനന്ദനാർഹമാണ്‌. തുക എത്ര ചെറുതായാലും, സ്വന്തം പണം തിരിച്ചുകിട്ടുന്നത്‌ വലിയ കാര്യമല്ലേ?'' – ജനാർദനൻ ചോദിക്കുന്നു.


പരേതയായ സരളമ്മയാണ്‌ ഭാര്യ. മക്കൾ: ജിതേഷ്‌ ജെ ബാബു, രതീഷ്‌ ജെ ബാബു, ജെ ജിഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home