ad
Deshabhimani

എസി താപനില 24നും 26നും ഇടയിൽ ക്രമീകരിക്കണം

രാത്രിയിൽ 30 മിനിറ്റിൽ താഴെ വൈദ്യുതി നിയന്ത്രണം; പീക്ക് അവറിൽ വാഹനം ചാർജ് ചെയ്യരുത്

kseb
വെബ് ഡെസ്ക്

Published on Apr 28, 2026, 04:14 PM | 2 min read

തിരുവനന്തപുരം: കനത്ത ചൂടിനെ തുടർന്ന് വൈ​ദ്യുതി ഉപഭോ​ഗത്തിലുണ്ടായ വർധനയും പ്രതിസന്ധിയും നേരിടുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം. കെഎസ്ഇബി ചെയർമാൻ മിൻഹാജ് ആലം ഐഎഎസ്, ഡയറക്ടർമാർ, ചീഫ് എഞ്ചിനീയർമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.


വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണം. രാത്രി സമയങ്ങളിൽ എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം. ഇങ്ങനെ ചെയ്യുന്നത് മൂലം വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും. ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും, വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ നൽകുന്നതിന് എനെർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.


പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27ന് സർവ്വകാല റെക്കോർഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6നു ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23-ന് രാത്രി 10:30-ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടുകയുണ്ടായി.


രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ വിപണിയിൽ വൈദ്യുതിലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയിൽ ഇത് പ്രതിസന്ധിയാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് ഇന്ന്  (28.04.2026) വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും.


വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർദ്ധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകീട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ, രാത്രി 9.30 നുശേഷം അർദ്ധരാത്രി 12 വരെയുള്ള സമയത്തിനിടെ ചില അവസരങ്ങളിൽ മാത്രമാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നതെന്നും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഉത്തരവാദിത്ത- ത്തോടെയുള്ള ഊർജ്ജവിനിയോഗം വഴി ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നും യോഗം വിലയിരുത്തി. 


വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നാൽ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മർദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിരൂക്ഷമായ സ്ഥിതിഗതികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകി. സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home