ad
Deshabhimani

'പിതാക്കന്മാർ ഊളത്തരം പറയുന്നു, ക്രിസ്ത്യാനി ഇങ്ങനെ കിടന്നു ചാടണ്ട'; അധിക്ഷേപിച്ച് പി സി ജോർജ്

P C George

പി സി ജോർജ്

വെബ് ഡെസ്ക്

Published on Mar 31, 2026, 05:26 PM | 1 min read

പൂഞ്ഞാർ: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആർഎ)യിൽ ആശങ്ക ഉന്നയിച്ച ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ പി സി ജോർജ്. എന്ത് ഊളത്തരവും പറഞ്ഞു നടക്കുന്ന പിതാക്കന്മാരുണ്ടെന്നും അവർ ഇതിനപ്പുറവും പറയുമെന്നുമായിരുന്നു ജോർജിന്റെ അധിക്ഷേപം.


തലയ്ക്ക് സ്ഥിരത ഇല്ലാത്തവരാണ് എഫ്സിആർഎയിൽ ആശങ്കയുണ്ടെന്ന് പറയുന്നത്. ഇന്ത്യയിൽ രണ്ടേകാൽ ശതമാനം മാത്രമേ ക്രിസ്ത്യാനിയുള്ളൂ. പിന്നെന്തിനാ ഇങ്ങനെ കിടന്നുചാടുന്നത്. ബിജെപിയുടെ മാന്യതകൊണ്ടാണ് അവരെ ചുമന്നുകൊണ്ടു നടക്കുന്നത്. ഇതൊക്കെ ഒളിച്ചുവച്ചുകൊണ്ട് പിതാക്കന്മാർ ഊളത്തരം പറയാൻ പാടില്ല.- ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.


ന്യൂനപക്ഷ വിഭാ​ഗങ്ങളെ കടുത്ത ആശങ്കയിലാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്സിആർഎ ബില്ലിനെതിരെ വിവിധ ക്രൈസ്തവ സഭാനേതൃത്വം രം​ഗത്തെത്തിയിരുന്നു. എഫ്സിആർഎ ഭേദ​ഗതി ബില്ലിന്റെ മറവിൽ വസ്‌തുവകകൾ പിടിച്ചെടുക്കാനുള്ള ഗൂഢനീക്കം ന്യൂനപക്ഷ ജനസമൂഹങ്ങളെയും സന്നദ്ധസംഘടനകളേയും ആശങ്കയിലാഴ്‌ത്തുന്നുവെന്ന്‌ തൃശൂർ അതിരൂപത ആർച്ച് ബിഷപ്‌ മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചിരുന്നു. വിദേശ സഹായത്തോടെ നിർമിച്ച സ്ഥാപന സ്വത്തുക്കൾ "ഡെസിഗ്നേറ്റഡ് അതോറിറ്റി'ക്ക് കൈമാറാനുള്ള വ്യവസ്ഥ, ലൈസൻസ് പുതുക്കാതെയായാൽ യാന്ത്രികമായി രജിസ്ട്രേഷൻ റദ്ദാകുന്നത്, ഭാരവാഹികളുടെ വ്യക്തിഗത ഉത്തരവാദിത്വം വർധിപ്പിക്കൽ എന്നിവ സേവന സ്ഥാപനങ്ങളുടെ നിലനിൽപ്പിനും പ്രവർത്തനത്തിനും പ്രത്യാഘാതമുണ്ടാക്കുമെന്ന് മലങ്കര മാർത്തോമ സുറിയാനി സഭാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയും പറഞ്ഞു. ക്രൈസ്തവസഭകൾക്ക്‌ പ്രവർത്തിക്കാൻ സാധിക്കാത്ത നിലയിലാണ്‌ എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ എന്നാണ് മലങ്കര ഓർത്തഡോക്‌സ്‌ സഭ അധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ വിമർശിച്ചത്. ബിൽ ആശങ്ക ഉയർത്തുന്നതാണെന്ന് യുണൈറ്റഡ് പെന്തകോസ്‌തൽ കൗൺസിലും ബില്ലിലെ വിവാദ ഭാഗങ്ങള്‍ നീക്കണമെന്നും ഇതുപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പിടിച്ചെടുക്കാനുള്ള ഭേദഗതി നിര്‍ദേശം അപലപനീയമാണെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home