ചിതറിപ്പോയ സ്വപ്‌നങ്ങൾ; എല്ലാം മണിക്കൂറുകൾക്കുള്ളിൽ കഴിഞ്ഞു

വീടിന്റെ പാലുകാച്ചൽ ദിനത്തിലെടുത്ത ചിത്രവും ഉരുൾപൊട്ടലിൽ പൂർണ്ണമായി തകർന്നതിനുശേഷമുള്ള കാഴ്ചയും (ഇടത്), റെജീനയും ജോസഫിൻ ജോണിയും (വലത്)
സ്വന്തം ലേഖകൻ
Published on Aug 02, 2026, 09:43 AM | 1 min read
ഇൗരാറ്റുപേട്ട: കണ്ടാൽ പേടിതോന്നുന്ന കൂറ്റൻമലയുടെ താഴ്‌വാരത്തെ വീട്ടിലാണ് റെജീനയും ജോസഫിനും കിടന്നുറങ്ങിയത്. തലേന്നുവരെ അയൽവാസികളോട് അടുത്തിടപഴകിയവർ പിറ്റേന്ന് നിശ്‌ചലദേഹങ്ങളായി. എല്ലാം മണിക്കൂറുകൾക്കുള്ളിൽ കഴിഞ്ഞു. ഉരുൾപൊട്ടലിൽ രണ്ടുപേരെ കാണാതായി എന്നറിഞ്ഞ് ഓടിയെത്തിയ പ്രദേശവാസികൾ നിസഹായരായിരുന്നു. എങ്ങും ചെളിയും കല്ലുകളും മാത്രം. വീടും വീട്ടുസാധനങ്ങളും അവശിഷ്‌ടങ്ങൾ മാത്രമായി ചിതറിക്കിടന്നു.
പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്ന് പ്രദേശമാകെ മൺകൂനയായപ്പോൾ
രാവിലെ ആറിന് മണ്ണുമാന്തിയന്ത്രവും ഇൗരാറ്റുപേട്ട അഗ്നിരക്ഷാസേനയുമെത്തി ചെളിനീക്കിത്തുടങ്ങി. ജോസഫിനിന്റെ മൃതദേഹം രാവിലെ 6.45ന് കണ്ടെടുത്തു. രണ്ടുമാസം മുമ്പുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ ജോസഫിൻ വീട്ടിൽ വിശ്രമത്തിലായിരുന്നു. റെജീനയുടെ മൃതദേഹം കണ്ടെത്താൻ വീണ്ടും നാല് മണിക്കൂറെടുത്തു.
കനത്ത ചെളിയും വീടിന്റെ മേൽക്കൂരയുടെ ഭാഗങ്ങളും വന്നുനിറഞ്ഞ ഭാഗത്തെ തിരച്ചിൽ ശ്രമകരമായിരുന്നു. പകൽ 10.45ഓടെ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു. ഇവിടെനിന്ന് 50 മീറ്ററുകൾക്കപ്പുറം 2006ൽ ഉരുൾപൊട്ടലുണ്ടായിരുന്നു. അന്ന് ആരും മരണപ്പെട്ടില്ല.
ജോണി പോയത് സുഹൃത്തിന് കൂട്ടുകിടക്കാൻ
ദുരന്തം ആർത്തലച്ചെത്തിയ രാത്രി വീട്ടിൽ ജോണി ജോസ് ഉണ്ടായിരുന്നില്ല. സർജറി കഴിഞ്ഞ് വിശ്രമത്തിലുള്ള സുഹൃത്ത് കെ ഡി ദേവസ്യക്ക് കൂട്ടുകിടക്കാനാണ് ജോണി പോയത്. ദുരന്തത്തിൽനിന്ന് അതുകൊണ്ടു മാത്രമാണ് ജോണി രക്ഷപ്പെട്ടത്. തിരിച്ചെത്തിയ ജോണി കണ്ടത് വീടിരുന്ന സ്ഥലത്തെ ചെളിക്കൂമ്പാരമായിരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയ ജോണിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുവർഷം മുമ്പാണ് പയ്യാനിത്തോട്ടത്ത് വീട് നിർമിച്ച് കുടുംബം താമസമാരംഭിച്ചത്.










0 comments