ഹെലികോപ്ടർ വിവാദം
ഭാര്യ പിതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് മുരളീധരൻ; ഔദ്യോഗിക പരിപാടിയെന്ന് സണ്ണി ജോസഫും, നുണയിലും വൈരുദ്ധ്യം

കെ മുരളീധരന്‍, സണ്ണി ജോസഫ്
തിരുവനന്തപുരം: സർക്കാർ ഹെലികോപ്ടർ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച് വിവാദത്തിൽപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശനെ ന്യായീകരിച്ച് കുടുങ്ങി മന്ത്രിമാരായ സണ്ണി ജോസഫും കെ മുരളീധരനും. കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ പിതാവിനെ കാണുന്നതിനായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ ഹെലികോപ്ടറിൽ പറന്നുയർന്നത്. സർക്കാർ ആവശ്യങ്ങൾക്കും അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കും മറ്റുമായി ഉപയോഗിച്ചു വന്നിരുന്ന ഹെലികോപ്ടറിലാണ് വി ഡി സതീശൻ ആശുപത്രിയിൽ കഴിയുന്ന ഭാര്യ പിതാവിനെ കാണാൻ എത്തിയത്.
ദുരന്തമുഖത്തും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. അത് ധൂർത്തെന്ന് വിശേഷിപ്പിച്ച വി ഡി സതീശനാണ് തികച്ചും സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഹെലികോപ്ടർ ഉപയോഗപ്പെടുത്തിയത്. വിവാദം കൊടുമ്പിരി കൊണ്ടതോടെയാണ് ന്യായീകരണവുമായി കെ മുരളീധരനും സണ്ണി ജോസഫും രംഗത്ത് വന്നത്.
ഔദ്യോഗിക പരിപാടിക്കായി പോയപ്പോഴാണ് അത്യാസന്ന നിലയിൽ കിടക്കുന്ന ഭാര്യ പിതാവിനെ കൊച്ചിയിൽ പോയി കണ്ടത്. അതിൽ എന്താണ് തെറ്റ് എന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ ചോദിക്കുന്നു. എന്നാൽ ഔദ്യോഗിക പരിപാടി എന്തായിരുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അതെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം നൽകിയ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ് ഔദ്യോഗിക പരിപാടിക്ക് പോയപ്പോൾ ഭാര്യ പിതാവിനെ കണ്ടു എന്ന വിവരം നൽകിയതെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയുടേത് ഔദ്യോഗിക പരിപാടിയായിരുന്നു എന്ന വിശദീകരണമാണ് നൽകുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല പോയതെന്നും സണ്ണി ജോസഫ് പറയുന്നു. കൊച്ചിയിൽ നിശ്ചയിച്ച ഔദ്യോഗിക പരിപാടിക്കായിരുന്നു ആ യാത്രയെന്നും അദ്ദേഹം പറയുന്നു. എന്താണ് ആ ഔദ്യോഗിക പരിപാടിയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം, മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം. മാധ്യമങ്ങളാണ് അത് ചോദിക്കേണ്ടതെന്നും തങ്ങൾക്ക് അത് ചോദിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ തമ്മിലടി പോലെ തന്നെ നുണയിലും പൊരുത്തമില്ലായ്മ പ്രകടമാക്കുന്നതായി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരുടെ ഈ പ്രതികരണം.










0 comments