ആശ്വാസമായത് റവന്യൂ മന്ത്രി കെ രാജന്റെ ഇടപെടൽ
പട്ടയം നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് ഇനി ആശ്വസിക്കാം. അത്തരം കേസുകളിൽ ജില്ലാ കലക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ പ്രത്യേക ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. പട്ടയം നഷ്ടപ്പെട്ടതായി നിരവധി അപേക്ഷകളാണ് മന്ത്രിക്ക് വന്നിരുന്നത്. അത്തരം പരാതികൾ മന്ത്രി കെ രാജൻ ഗൗരവമായി പരിശോധിക്കുകയും അതിന് പരിഹാരം ഉണ്ടാക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
പട്ടയം നഷ്ടപ്പെട്ടതു മൂലം ബാങ്കിൽ നിന്ന് വായ്പയെടുക്കാനോ, ഭൂമി ക്രയവിക്രയം ചെയ്യാനോ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഈ ഉത്തരവിലൂടെ അത്തരം പ്രശ്നങ്ങൾക്കു കൂടി പരിഹാരമാവുകയാണ്. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ രജിസ്റ്ററുകളിലെ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തഹസിൽദാർ ജില്ലാ കലക്ടർക്ക് കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ കലക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുക.
2020 ൽ സമാനമായി ഒരുത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 1964 ലെ ചട്ടങ്ങൾ, 1995 ലെ ചട്ടങ്ങൾ, 1993 ലെ ചട്ടങ്ങൾ എന്നിങ്ങനെ 3 ഭൂപതിവു ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട ചട്ടങ്ങൾക്കു മാത്രമായിരുന്നു ആ ഉത്തരവ് ബാധകമായിരുന്നത്. ഇപ്പോൾ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 15 വ്യത്യസ്ത ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കപ്പെട്ട കേസുകളിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് ലഭിക്കും. പട്ടയം ലഭിച്ച ആളിൽ നിന്നും നിയമപ്രകാരം ഭൂമി കൈമാറ്റം ചെയ്തു ലഭിച്ച നിലവിലെ കൈവശക്കാരന്റെ പേരിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുള്ളത്.









0 comments