പട്ടാമ്പി ആമയൂർ കൂട്ടക്കൊലപാതകക്കേസ്; പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: പട്ടാമ്പി ആമയൂർ കൂട്ടക്കൊലപാതകക്കേസിൽ പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. 2008ൽ ഭാര്യയേയും നാലുമക്കളെയും കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയാണ് റദ്ദാക്കിയത്. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കിയത്. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഉത്തരവ്. എന്നാൽ റെജി കുമാർ ജീവിതാവസാനംവരെ തടവുശിക്ഷ അനുഭവിക്കണം.
2008 ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ജൂലൈ 8നും 22നും ഇടക്കുള്ള ദിവസങ്ങളിൽ ഭാര്യ ലിസി(38), മക്കളായ അമലു(12), അമൽ(10), അമല്യ(8), അമന്യ (3) എന്നിവരെ റെജികുമാർ ആസൂത്രിതമായി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കൊലപാതകത്തിന് മുമ്പ് മൂത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഐപിസി 302-ാം വകുപ്പുപ്രകാരം കൊലപാതകം, 326-ാം വകുപ്പ് ബലാൽസംഗം, 201-ാം വകുപ്പനുസരിച്ച് തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരുന്നത്. ഷൊറണൂർ ഡിവൈഎസ്പി.യായിരുന്ന സി കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
2009-ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടരാജന്നാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി 2014-ൽ കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു. 89 സാക്ഷികളുള്ള കേസിൻ്റെ വിചാരണ രണ്ടുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്.









0 comments