ad
Deshabhimani

print edition ചികിത്സാപ്പിഴവെന്ന്‌ പരാതി: കോഴിക്കോട്‌ മെഡി. കോളേജിൽ 
ശസ്‌ത്രക്രിയക്ക്‌ വിധേയനായ രോഗി മരിച്ചു

KKD Patient Dies.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 12:01 AM | 1 min read

കോഴിക്കോട്: കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന്‌ രോഗി മരിച്ചതായി പരാതി. വാണിമേൽ പരിപ്പുപാറ നെല്ലുള്ള പറമ്പത്ത് റീജി (44)ത്താണ്‌ മരിച്ചത്. വൃക്കയിൽ ഇടതുഭാഗത്തുള്ള കല്ല് നീക്കംചെയ്യാൻ വലതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയതും തുടർന്നുണ്ടായ അണുബാധയുമാണ് മരണകാരണമെന്ന്‌ ബന്ധുക്കൾ പരാതി നൽകി. 2025 ആഗസ്തിലാണ്‌ മൂത്രതടസ്സത്തെയും വേദനയെയും തുടർന്ന്‌ റീജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. സ്കാനിങ്ങിൽ കല്ല് കണ്ടെത്തിയതോടെ ഇത്‌ നീക്കാൻ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിനുശേഷം മൂത്രതടസ്സവും വേദനയും അനുഭവപ്പെട്ടു. വീണ്ടും ചികിത്സ തേടിയപ്പോൾ മൂത്രം പോകാൻ പൈപ്പിട്ടാൽ മതിയെന്നുപറഞ്ഞ് തിരിച്ചയച്ചു.


വേദന അസഹ്യമായതിനാൽ റീജിത്തിനെ വീണ്ടും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ശരീരമാകെ അണുബാധയുണ്ടായി. സ്‌കാനിങ്ങിൽ കല്ല് നീക്കം ചെയ്‌തിട്ടില്ലെന്നും ശാസ്ത്രക്രിയയിൽ പിഴവ് വന്നതാണെന്നും തെളിഞ്ഞു. ബന്ധുക്കളുടെ അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയ നടത്തി. ശസ്‌ത്രക്രിയക്ക്‌ ശേഷവും അണുബാധ നിലയ്‌ക്കാത്തതിനാൽ മലബാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവിടെനിന്ന്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ തിരിച്ചയച്ചു. ആരോഗ്യനില വഷളായതിനാൽ ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും വ്യാഴം പുലർച്ചെയോടെ മരിച്ചു.


ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി. ആശുപത്രി പരിസരത്ത് ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി മെഹബൂബിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാറുമായി ചർച്ച നടത്തി. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു.


പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇൻഡസ്ട്രിയൽ ജീവനക്കാരനായ റീജിത്ത് സിപിഐ എം പരപ്പുപാറ ബ്രാഞ്ചംഗമാണ്‌. പരേതനായ കുഞ്ഞിക്കണ്ണന്റെയും ശാന്തയുടെയും മകനാണ്. ​ഭാര്യ: ഷിജില. സഹോദരങ്ങൾ: റിജേഷ്, റിജീഷ്, റീജ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home