പത്തനംതിട്ട പീഡനം: പിടിയിലായത് 20 പേർ, കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

rape

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jan 12, 2025, 09:50 AM | 1 min read

പത്തനംതിട്ട : പത്തനംതിട്ടയിൽ കായികതാരമായ വിദ്യാർഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ ഇതുവരെ പിടിയിലായത് 20 പേർ. പീഡനത്തിന് സഹായം ഒരുക്കിക്കൊടുത്തവരടക്കമാണ് 20 പേരെ കസ്റ്റഡിയിലെടുത്തത്. കേസിൽ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി ആകെ 6 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ രാത്രിയോടെയാണ് 3 പേരെ കൂടി അറസ്റ്റ് ചെയ്ത് ആറാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.


പിടിയിലായവരിൽ ഏറെയും വിദ്യാർഥികളും യുവാക്കളുമാണ്. അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും 30 വയസിനു താഴെയുള്ളവരാണ്. പ്ലസ്‌ടു വിദ്യാർഥികൾ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവർ ഇതിലുണ്ട്‌. 17 കാരനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്‌. 18കാരിയായ വിദ്യാർഥി കഴിഞ്ഞ രണ്ടു വർഷമായി നേരിട്ട ലൈം​ഗികാതിക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് വെളിപ്പെടുത്തിയത്. 60ഓളം പേർ ലൈം​ഗികമായി ഉപദ്രവിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്.


13 വയസ്സുള്ളപ്പോൾ സഹപാഠിയായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത്‌ കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. പെൺകുട്ടിക്ക് 16 വയസ്സായപ്പോൾ ബൈക്കിൽ കയറ്റി വീടിന് സമീപത്തെ അച്ചൻകോട്ടുമലയിലെത്തിച്ച് ആൾതാമസമില്ലാത്ത ഭാഗത്ത് റബർ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. മറ്റൊരു ദിവസം പുലർച്ചെ കുട്ടിയുടെ വീടിനടുത്ത് റോഡരികിലെ ഷെഡ്ഡിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാർക്ക്‌ കാഴ്‌ചവയ്ക്കുകയായിരുന്നു. ഇവർ സംഘം ചേർന്ന് അച്ചൻകോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. തുടർന്ന് സഹപാഠികളടക്കം പലരും ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. ജില്ലയുടെ പല പ്രദേശങ്ങളിലുമുള്ളവർ പങ്കാളിയായിട്ടുണ്ട്‌. വാഹനത്തിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പിടയിലായവരുടെ വീട്ടിലും പത്തനംതിട്ടയിലെ ചുട്ടിപ്പാറയിലുമെല്ലാം എത്തിച്ച്‌ ലൈം​ഗികാതിക്രമം നടത്തി എന്നാണ്‌ കുട്ടിയുടെ വെളിപ്പെടുത്തൽ.


അച്ഛന്റെ ഫോണാണ്‌ കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് സുബിൻ സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ്‌ പിടിച്ചെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പതോളം പേരുടെ പട്ടിക പൊലീസിലുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചു. പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്‌. അറസ്റ്റിലായവരകിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്. ജില്ലാ പൊലീസ്‌ ചീഫിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ്‌ അനേഷണം നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home