print edition അറിവാവേശം ആഹ്ലാദം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര പാർലമെന്റിൽനിന്ന്
പി ആർ ചന്തുകിരൺ
Published on Oct 26, 2026, 01:30 AM | 1 min read
തിരുവനന്തപുരം : അറിവിന്റെ ആവേശപ്പോരിൽ കുരുന്നുപ്രതിഭകൾ മാറ്റുരച്ചു. പുറത്ത് മഴ തകർക്കുന്പോൾ ക്ലാസ് മുറികളിൽ നടന്നത് കുട്ടിപ്പോരാളികളുടെ ഇഞ്ചോടിഞ്ച് പോരാട്ടം. കലയും ശാസ്ത്രവും കായികവും സമരചരിത്രവും ഉൾപ്പെടെ ഏതുചോദ്യത്തിനും ശരവേഗത്തിൽ ഉത്തരം. വിജയിയെ കണ്ടെത്താൻ എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ‘ടൈ ബ്രേക്കർ’. അഞ്ചുചോദ്യങ്ങൾക്കുശേഷം വിജയിയെ കണ്ടെത്തി. ഹയർ സെക്കൻഡറിയിൽ 20ൽ 19ഉം ശരിയാക്കി നേടിയ വിജയം. യുപിയിൽ വിജയിക്ക് 18 മാർക്ക്. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15–ാം സീസൺ ജില്ലാ മത്സരം അറിവുത്സവത്തിന്റെ അവിസ്മരണീയ വേദിയായി.
വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ മത്സരം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ് അധ്യക്ഷനായി. സംഘാടക സമിതി വൈസ് ചെയർമാൻ ജെ പി ജഗതീഷ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി വിദ്യാവിനോദ് തുടങ്ങിയവർ സംസാരിച്ചു. ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെള്ളിമംഗലം സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ ജി നന്ദകിഷോർ നന്ദിയും പറഞ്ഞു.
കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി രാജേഷ്, ജില്ലാ പ്രസിഡന്റ് ആർ ഷിബു, പിടിഎ പ്രസിഡന്റ് എം എസ് ബ്രിജിത്ത്ലാൽ, ദേശാഭിമാനി ബ്യൂറോ ചീഫ് സി കെ ദിനേശ്, എച്ച്ആർ മാനേജർ ശ്യാം സുന്ദർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ശാസ്ത്ര പാർലമെന്റ് നടന്നു. ശാസ്ത്രബോധം കുട്ടികളിൽ എന്ന വിഷയത്തിൽ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എൻ ആർ സി നായരും നിർമിതബുദ്ധി എന്ന വിഷയത്തിൽ അധ്യാപകൻ എ പോൾട്ടണും പ്രഭാഷണം നടത്തി. എഐ പുതുതലമുറയ്ക്ക് ഗുണമോ ദോഷമോ എന്ന വിഷയത്തിൽ പ്രസംഗ മത്സരവും സംഘടിപ്പിച്ചു. വെൻകോബാണ് പ്രൈസ് സ്പോൺസർ. ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക് ആം കോസ്, ജെ എൻ ലൈറ്റിങ്സ്, ധർമപ്രിയ ഫിനാൻസ് എന്നിവർ സഹപ്രായോജകരുമാണ്.









0 comments