ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികൻ മരിച്ചു

കടലുണ്ടി : സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികനായ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കടലുണ്ടി പ്രബോധിനി ജങ്ഷനിലുണ്ടായ അപകടത്തിൽ മണ്ണൂർ പൂച്ചേരിക്കുന്ന് മേലെ കോയിക്കളം പാച്ചേരി ജഗദീഷ് ബാബു(44)വാണ് മരിച്ചത്. സിപിഐ എം മണ്ണൂർ ലോക്കൽ കമ്മിറ്റി അംഗവും മണ്ണൂർ വളവ് സംസ്കാര ബ്രാഞ്ച് സെക്രട്ടറിയുമാണ്. മണ്ണൂർ സംസ്കാര കലാ സാംസ്കാരിക സംഘടനയുടെ പ്രസിഡന്റുമായിരുന്നു. ബുധൻ പകൽ മൂന്നരയോടെയായിരുന്നു അപകടം.
കെട്ടിടനിർമാണ കരാറുകാരനായ ജഗദീഷ് ബാബു കോട്ടക്കടവ് ഭാഗത്തുനിന്ന് പൂച്ചേരിക്കുന്നിന് സമീപത്തെ വീട്ടിലേക്ക് വരുന്നതിനിടെ കോഴിക്കോട്- ചാലിയം റൂട്ടിലോടുന്ന നജീബ്, കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന ചെമ്പകം എന്നീ ബസുകൾക്കിടയിൽപ്പെടുകയായിരുന്നു. നജീബ് ബസിന് പിന്നിൽ ജഗദീഷ് ബാബു എത്തിയ സമയത്ത് അലക്ഷ്യമായി ചെമ്പകം ബസും കുതിച്ച് മുന്നോട്ടു കയറിയതോടെ ഇരു ബസുകൾക്കുമിടയിൽപ്പെടുകയായിരുന്നു.
ഉടൻ കോട്ടക്കടവിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴം ഉച്ചയോടെ സംസ്കരിക്കും. അച്ഛൻ: ജനാർദനൻ. അമ്മ: ചന്ദ്രമതി. സഹോദരി: സജിത (അഴിഞ്ഞിലം).









0 comments