print edition 'ഒമ്പതുവർഷമായി പറ്റിച്ചില്ല , ഭരിക്കാൻ ഇവര് തന്നെ മതി’

ബിജു കാർത്തിക്
Published on Nov 12, 2025, 02:45 AM | 1 min read
തളിപ്പറമ്പ്: ‘തൊഴിലുറപ്പും പെൻഷനുമില്ലെങ്കിൽ ഞാനെങ്ങനെയാ ജീവിക്കണ്ടത്, നൂറ്റിയിരുപതിൽനിന്ന് രണ്ടായിരമാക്കി തന്നില്ലേ. ഭരിക്കാൻ ഇവര് തന്നെ മതി’– അഭിമാനത്തോടെ കരിമ്പം പനക്കാട്ടെ അറുപത്തിയെട്ടുകാരി പാർവതി പറയുന്നു. 28 വർഷംമുമ്പ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കാരോന്നൻ കോറോത്ത് വീട്ടിൽ കെ കെ പാർവതിക്ക് വിധവാപെൻഷൻ ലഭിച്ചുതുടങ്ങിയത്. അന്ന് 120 രൂപ.
‘കൂലിപ്പണിയിൽ കിട്ടുന്നതും പെൻഷനും മാത്രമാണ് വരുമാനം. മഴക്കാലത്ത് പണിയില്ലാതാകുമ്പോൾ പെൻഷനാണ് പ്രതീക്ഷ. കോൺഗ്രസുകാര് അതുപോലും തരാതെ തളർത്തിയിട്ടകാലം മറക്കൂല്ല. 11 മാസം പെൻഷനില്ലാതെ നിന്നിട്ടുണ്ട്. വല്യ കാലക്കേടായിരുന്നു അന്ന്. പിന്നേം ഇൗ സർക്കാര് വന്നപ്പഴാ ആ പൈസ തന്നത്. ഒമ്പത് വർഷമായിട്ട് മറ്റവരെ പോലെ പറ്റിച്ചിട്ടില്ല. പണിക്ക് പോകാനാകുന്നില്ല. പെൻഷനിലാണ് കറന്റ് ബില്ലും വീട്ടുസാധനങ്ങളും എല്ലാം നിൽക്കുന്നത്– കണ്ണുനിറഞ്ഞ് വാക്കിടറി അവർ നിർത്തി.
ഏകമകൻ ദിലീപിന് എട്ടുവയസ്സുള്ളപ്പോഴാണ് പാർവതിക്ക് ഭർത്താവിനെ നഷ്ടമായത്. പിന്നെ ജീവിതത്തോട് ഒറ്റയാൾ പോരാട്ടം. മകന്റെ പഠനവും മറ്റ് ചെലവുകളും എല്ലാം മറികടന്നത് പെൻഷന്റെകൂടി പിന്തുണയിലാണ്.









0 comments