വ്യാജ ഗവേഷണങ്ങളും 
പ്രബന്ധങ്ങളും ക്രിമിനൽ കുറ്റം : പാർഥ പി മജുംദാർ

partha p majumder
വെബ് ഡെസ്ക്

Published on May 10, 2025, 01:32 AM | 1 min read


പാലക്കാട്‌

വ്യാജ ഗവേഷണങ്ങളും പ്രബന്ധങ്ങളും ക്രിമിനൽ കുറ്റമായി പരിഗണിക്കണമെന്ന്‌ നാഷണൽ സയൻസ്‌ ചെയർ പ്രൊഫസർ പാർഥ പി മജുംദാർ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിലെ കണിശതയും മൂല്യങ്ങളും കൈവിടുന്നത് വൻദുരന്തത്തിലേക്ക് നയിക്കും. അത്‌ തടയാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണ്‌.


വ്യാജ വിവരങ്ങൾ സൃഷ്ടിക്കലും പ്രബന്ധഭാഗങ്ങളുടെ കോപ്പിയടിയും എഐ ഉപാധികളുടെ ദുരുപയോഗവും ഗവേഷണ പ്രബന്ധ രചനയിൽ വ്യാപകമാണ്‌. ഇങ്ങനെ ചെയ്യുന്നവരുടെ എണ്ണം അപകടകരമാംവിധം വർധിക്കുന്നു. പ്രബന്ധങ്ങൾ വേണ്ടത്ര പരിശോധനയില്ലാതെ ഗവേഷണ ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും പിന്നീട്‌ പിൻവലിക്കുകയും ചെയ്യുന്ന ഗതികേടാണുള്ളത്. വ്യാജ പ്രബന്ധങ്ങളുടെ പിൻവലിക്കലിൽ വൻ കുതിപ്പാണ് 2023 ൽ ഉണ്ടായത്. ഇക്കാര്യത്തിൽ ഇന്ത്യ അതിവേഗം അമേരിക്കയെ മറികടന്നു. അമേരിക്കയിൽ പിൻവലിക്കുന്ന വ്യാജ പ്രബന്ധങ്ങളുടെ ഇരട്ടിയോളമാണ്‌ ഇന്ത്യയിൽ. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളും ഗൈഡുമാരും നിക്ഷിപ്ത താൽപ്പര്യങ്ങളോടെ വ്യാജ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.


ഫാക്കൽറ്റി നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പരിശീലനങ്ങൾക്കുമൊക്കെ തെരഞ്ഞെടുക്കപ്പെടാൻ ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണമാണിന്ന് നോക്കുന്നത്. ഇത് മാറണം. ഗുണമേന്മയാകണം മാനദണ്ഡം. കണിശതയും നൈതികതയും ഗവേഷണത്തിന്റെ രൂപകൽപ്പനാ ഘട്ടം മുതൽ ഉറപ്പാക്കണം. വ്യക്തിതലം മുതൽ സാമൂഹികതലം വരെ ഈ ജാഗ്രത പുലർത്തണം. വ്യാജ വിവരങ്ങൾ ഉപയോഗിക്കുന്ന ‘ക്രിമിനൽ കുറ്റ'മാണ് ചിലർ ഗവേഷണത്തിൽ ചെയ്യുന്നതെന്നും പാർഥ പി മജുംദാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home