എൽഡിഎഫ് സർക്കാരിന്റെ 10 വർഷം മാതൃകാപരം
print edition ആ കരുതലിന് പാർലമെന്ററി സമിതിയുടെ പ്രശംസ

ഒ വി സുരേഷ്
Published on Aug 10, 2026, 01:30 AM | 1 min read
തിരുവനന്തപുരം: എൽഡിഎ-ഫ് സർക്കാർ 10വർഷം കേരളത്തിൽ നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിലെ പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി. കേരളത്തിന്റെ പദ്ധതികൾ മാതൃകയാക്കാമെന്നാണ് പ്രിയങ്ക ഗാന്ധിയും മുസ്ലിംലീഗിലെ ഹാരിസ് ബീരാനുമടക്കം അംഗങ്ങളായ സ്‌റ്റാൻഡിങ് കമ്മിറ്റിയുടെ 26–ാമത് റിപ്പോർട്ടിൽ പറയുന്നത്. ഡോ. രാധ മോഹൻ ദാസ് അഗർവാൾ അധ്യക്ഷനായ സമിതി ആറിന് രാജ്യസഭയിലും ഏഴിന് ലോക്‌സഭയിലുമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മഴക്കെടുതി നേരിടുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടിരിക്കെയാണ്, റിപ്പോർട്ട് പുറത്തുവന്നത്.
സംസ്ഥാന, ജില്ലാ, തദ്ദേശ തലങ്ങളിൽ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിന് വികേന്ദ്രീകൃതവും ചലനാത്മകവുമായ രീതി കേരളം വികസിപ്പിച്ചിട്ടുണ്ട്. ഓരോ ദുരന്തത്തിനും ശേഷം ഇവ അവലോകനം ചെയ്‌ത് "ഓറഞ്ച് ബുക്ക്’ പുതുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ആസൂത്രണ പദ്ധതികളിലും ദുരന്തസാധ്യത ലഘൂകരിക്കാൻ പദ്ധതികളുണ്ട്. തെരഞ്ഞെടുത്ത ജില്ലകളിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രാദേശിക പ്രവർത്തന പദ്ധതികളും ആലപ്പുഴ, ചെങ്ങന്നൂർ, മാനന്തവാടി നഗരങ്ങൾക്കായി അപകടസാധ്യതാ മാസ്റ്റർ പ്ലാനുകളുമുണ്ട്. തയ്യാറെടുപ്പ്, മുന്നറിയിപ്പ്, ഒഴിപ്പിക്കൽ, ദുരിതാശ്വാസ പ്രവർത്തനം എന്നിവയിൽ കുടുംബശ്രീ, മത്സ്യത്തൊഴിലാളി സംഘങ്ങൾ, തദ്ദേശസ്ഥാപന ദുരന്തനിവാരണ സമിതി എന്നിവയുടെ പ്രവർത്തനവും റിപ്പോർട്ടിൽ എടുത്തുപറയുന്നു. പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും വളന്റിയർമാരും വാർഡ് കമ്മിറ്റികളും സജീവമാണ്. മഴക്കാലപൂർവ തയ്യാറെടുപ്പും ബോധവൽക്കരണവും കാര്യക്ഷമമാണ്.
വിപുലമായ മുന്നറിയിപ്പ്, നിരീക്ഷണ സംവിധാനങ്ങളെയും കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.അപകട വിശകലനം, ജിഐഎസ്, സാങ്കേതിക വിദഗ്ധരടങ്ങുന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സംസ്ഥാന, ജില്ലാ തലങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്ററിന് നേതൃത്വം നൽകുന്നു. കാലാവസ്ഥ, നദീജലനിരപ്പ്, ജലസംഭരണി സ്ഥിതി, ഉരുൾപൊട്ടൽ സാധ്യത എന്നിവ തുടർച്ചയായി നിരീക്ഷിച്ച് വകുപ്പുകൾക്കും പൊതുജനങ്ങൾക്കും സന്ദേശം എത്തിക്കാനും ദുരന്തത്തെ നേരിടാനും മൂൻവർഷങ്ങളിലായെന്നും കമ്മിറ്റി വിലയി രുത്തി.










0 comments