കേന്ദ്രത്തിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരെ "പാർലമെന്റ് മാർച്ച്" ഫെബ്രുവരി 18 ന്

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട വ്യാപാരികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും നോട്ടു നിരോധനവും ജി.എസ്.ടി യും സൃഷ്ടിച്ച ബുദ്ധിമുട്ടുകളിൽനിന്നും കരകയറുന്നതിനുമുമ്പ് കൂടുതൽ വ്യാപാര വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രമെന്നും വ്യാപാര വ്യവസായ ഏകോപന സമിതി. കെട്ടിട വാടകയ്ക്കുമേലുള്ള ജി.എസ്.ടി. വ്യാപാരികളുടെ തലയിൽ കെട്ടിവെച്ചതു ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
വാടക കൈപ്പറ്റുന്ന കെട്ടിട ഉടമയ്ക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലെങ്കിൽ പ്രസ്തുത വാടകയിന്മേൽ വ്യാപാരി 18% ജി.എസ്.ടി അടയ്ക്കണം എന്ന വ്യവസ്ഥ അങ്ങേയറ്റം വ്യാപാര വിരുദ്ധമാണ്. ഇതിനെതിരെ നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചതിനെ തുടർന്ന് ഭാഗീകമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായി.ഇത് പൂർണമായും പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
കഴിഞ്ഞ പത്തുവർഷത്തെ കേന്ദ്ര ബഡ്ജറ്റുകൾ പരിശോധിച്ചാൽ ചെറുകിട വ്യാപാരികൾക്ക് ആശ്വാസകരമായ ഒന്നുമില്ല, മറിച്ച് കോർപ്പറേറ്റുകൾക്കു വലിയ നികുതി ഇളവുകളും ആനുകൂല്യങ്ങളും നൽകി. കോർപ്പറേറ്റ് നികുതിയിൽ വെട്ടിക്കുറവു നടത്തിയതോടെ ആറ് ലക്ഷം കോടിരൂപയുടെ കുറവാണ് സർക്കാരിനുണ്ടായത്. ഇതിനു പുറമെ കഴിഞ്ഞ പത്തു വർഷത്തിനിടെ കോർപ്പറേറ്റ് കമ്പനികളുടെ 10 ലക്ഷം കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.
മറ്റൊരു പ്രധാന കാര്യം കഴിഞ്ഞ വർഷം മുതൽ രാജ്യത്തെ നേരിട്ടുള്ള നികുതി വരുമാനത്തിന്റെ ഘടനയിലുണ്ടായ മാറ്റമാണ് . അതുവരെ ഏറ്റവും കൂടുതൽ സംഭാവന നൽകിയിരുന്ന കോർപറേറ്റ് നികുതി രണ്ടാം സ്ഥാനത്തേക്ക് മാറി ആ സ്ഥാനത്തു ആദായനികുതി കടന്നുവന്നു. ഇക്കഴിഞ്ഞ ബജറ്റ് പ്രകാരം കേന്ദ്രത്തിന്റെ മൊത്തം നികുതിയുടെ 22% ആണ് ആദായനികുതി, കോർപ്പറേറ്റ് നികുതി ആകട്ടെ 18% മാത്രമാണ്. എന്തുകൊണ്ടാണ് കോർപ്പറേറ്റ് നികുതി ഇത്രകണ്ട് കുറയുന്നത്? ഒറ്റ ഉത്തരമേ ഉള്ളൂ, കേന്ദ്രം നൽകുന്ന നികുതി ഇളവുകളും മറ്റു കോർപ്പറേറ്റ് പ്രീണന സമീപനങ്ങളുമാണത്.
വിദേശ കുത്തകകളുടെ കടന്നുവരവും സ്വദേശ കുത്തകകളുടെ ആധിപത്യവും രാജ്യത്തെ പരമ്പരാഗത ചില്ലറ വ്യാപാര മേഖലയെ വലിയ തോതിൽ തളർത്തി. മികച്ച മൂലധന പിന്തുണയും മാനേജുമെന്റ് വൈദഗത്യവുമുള്ള കുത്തകകൾക്ക് മുൻപിൽ അസങ്കടിതരായ ചെറുകിട വ്യാപാരികൾക്ക് പിടിച്ചുനിൽക്കാനാവില്ല.
പ്രധാനമായും നാല് ആവശ്യങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മുന്നിൽ വയ്ക്കുന്നത്. വിദേശി -സ്വദേശി കുത്തകകളിൽ നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓൺലൈൻ വ്യാപാരത്തിന്മേൽ സെസ് ഏർപ്പെടുത്തുക, വാടകക്കുമേലുള്ള ജി.എസ്.ടി യിൽ നിന്ന് വ്യാപാരികളെ പൂർണമായും ഒഴിവാക്കുക, ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തതിനുശേഷം മാത്രം നടപ്പിലാക്കുക. ഈ ആവശ്യങ്ങളുന്നയിച്ചു 2025 ഫെബ്രുവരി 18ന് രാവിലെ 10 ന് ഡൽഹി ജന്തർ മന്ദിറിൽ നടത്തുന്ന പാർലമെന്റ് കെ സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡന്റ ബാബുലാൽ ഗുപ്ത മുഖ്യ പ്രഭാഷകനാകും. കേരളത്തിൽനിന്നുള്ള എം.പി മാർ, വ്യാപാര വ്യവസായ ഏകോപന സമിതിയുടെ സംസ്ഥാന -ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
Tags
Related News

0 comments