print edition പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ തീരുമാനമായില്ല; 8ന് വീണ്ടും യോഗം

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയിറക്കൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാരിയത്തുകാവിൽനിന്ന് കുടിയിറങ്ങില്ലെന്നാണ് എട്ട് ദളിത് കുടുംബങ്ങളും സമരസമിതിയും ആദ്യംമുതൽ കൈക്കൊണ്ട നിലപാട്. പുറത്ത് എവിടെയെങ്കിലും ഭൂമി നൽകി പ്രശ്നം പരിഹരിക്കാമെന്നാണ് വാദിഭാഗമായ ശങ്കരൻനായരും കുടുംബവും വാദമുയർത്തിയത്. പാരിയത്തുകാവിലെ ഭൂമിയിൽത്തന്നെ സ്ഥലം അനുവദിച്ച് സർക്കാർതന്നെ വഴി ഉൾപ്പെടെ ഒരുക്കി വീടുവച്ചുനൽകാമെന്നാണ് കലക്ടറേറ്റിലെ ചർച്ചയ്‌ക്കൊടുവിൽ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം.
എന്നാൽ, സമരസമിതിയും കുടുംബാംഗങ്ങളും കൂടിയാലോചന നടത്തിയശേഷംമാത്രം ഈ നിർദേശത്തിൽ അന്തിമതീരുമാനം കൈക്കൊള്ളും. കുടിയിറങ്ങില്ലെന്ന് സമരസമിതിയും കുടുംബങ്ങളും എടുത്ത നിലപാടിനെ തുടർന്നാണ് സർക്കാർ പുതിയ നിർദേശം മുന്നോട്ടുവച്ചത്.
തിങ്കളാഴ്ച ഒരിക്കൽക്കൂടി സർക്കാർ പ്രതിനിധി, സമരസമിതി, കുടുംബങ്ങൾ, വാദിഭാഗം എന്നിവരുടെ യോഗം ചേരുമെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. അന്ന് കുടുംബങ്ങളുടെ തീരുമാനം സർക്കാരിനെ അറിയിക്കും.
ചർച്ചയിൽ സമരസമിതി നേതാക്കളും പങ്കെടുത്തു. മുൻചർച്ചകളിൽ സമരസമിതിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത്തവണ സമരസമിതിയെയും ഉൾപ്പെടുത്തണമെന്ന് കുടുംബങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. കുടിയൊഴിപ്പിക്കുന്നത് ജൂൺ 16വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. യുഡിഎഫ് മന്ത്രിസഭ അധികാരത്തിലേറി മൂന്നാംദിവസമാണ് പാരിയത്തുകാവിൽ ദളിത് കുടുംബങ്ങൾക്കുനേരെ നരനായാട്ട് നടത്തിയത്.










0 comments