print edition പ്രതിരോധക്കോട്ട കെട്ടി പാരിയത്തുകാവ്; പിന്മാറി പൊലീസും കമീഷനും

പാരിയത്തുകാവിൽ പൊലീസ് ആക്രമണത്തിൽ പരിക്കേറ്റവർ പികെഎസ് സംസ്ഥാന സെക്രട്ടറി വി പൊന്നുകുട്ടൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശാന്തകുമാരി എന്നിവരോട് സംഭവങ്ങൾ വിശദീകരിക്കുന്നു

സ്വന്തം ലേഖകൻ
Published on May 24, 2026, 02:08 AM | 1 min read
പെരുന്പാവൂർ
: പിറന്ന മണ്ണിൽ ജീവിക്കാൻ പ്രതിരോധക്കോട്ട കെട്ടി പാരിയത്തുകാവ്. പാരിയത്തുകാവ് ഉന്നതിയിലെ കുടുംബാംഗങ്ങളുടെ നിശ്ചയദാർഢ്യത്തിനും പോർവീര്യത്തിനും മുന്നിൽ യുഡിഎഫ് സർക്കാരിന്റെ പൊലീസിനും അഭിഭാഷക കമീഷനും അടുക്കാനായില്ല. കുടുംബങ്ങളുടെ അതിജീവന പോരാട്ടത്തിന് കരുത്തേകി സിപിഐ എമ്മും വർഗബഹുജന സംഘടനകളും തുടക്കംമുതൽ രംഗത്തുണ്ട്.
എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ കഴിഞ്ഞദിവസം പൊലീസ് നരനായാട്ട് നടത്തിയ പാരിയത്തുകാവിൽ ശനിയാഴ്‌ച വീണ്ടും നടപടികൾ തുടരാനായിരുന്നു അഭിഭാഷക കമീഷന്റെ തീരുമാനം. സിപിഐ എം, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, പികെഎസ്, കെഎസ്‌കെടിയു എന്നിവയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ പാരിയത്തുകാവിലെ കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തി. കുടുംബങ്ങളെ കുടിയൊഴിപ്പിക്കരുതെന്നും ഇവിടെ ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും വീണ്ടുമൊരു നരനായാട്ട് അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചാണ് ഇവരെത്തിയത്. =
ഡിവൈഎഫ്‌ഐ രാവിലെമുതൽ ഐക്യദാർഢ്യസദസ്സ് ആരംഭിച്ചു.
ശനിയാഴ്ച രാവിലെ പൊലീസ് സംരക്ഷണംതേടി അഭിഭാഷക കമീഷൻ തടിയിട്ടപറന്പ് സ്‌റ്റേഷനിൽ എത്തി. ശക്തമായ ചെറുത്തുനിൽപ്പുണ്ടാകുമെന്നും സ്ഥിതിഗതി വഷളാകുമെന്നും കമീഷനെ പൊലീസ് അറിയിച്ചു.
തിങ്കളാഴ്‌ച സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നതും അറിയിച്ചു.
എന്നിട്ടും അനുകൂല സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കൽതുടങ്ങാമെന്ന കണക്കുകൂട്ടലിൽ കമീഷൻ പൊലീസ് സ്‌റ്റേഷനിൽ തുടർന്നു. സ്ഥലത്ത് പ്രതിഷേധം കനത്തത് അറിഞ്ഞതോടെ കമീഷൻ സ്‌റ്റേഷനിൽനിന്ന് മടങ്ങി.
ഡിവൈഎഫ്‌ഐ ഐക്യദാർഢ്യസദസ്സ് സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്‌തു. യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നാംനാളാണ് പാരിയത്തുകാവിൽ പൊലീസ് ദളിത്‌വേട്ട നടത്തിയത്. അക്രമത്തിൽ രോഗികൾക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റിരുന്നു.
ന്യായീകരിച്ച് മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം
എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ പൊലീസ് നടത്തിയ നരവേട്ടയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാരിയത്തുകാവിൽ പൊലീസ് അതിക്രമം നടന്നിട്ടില്ലെന്നും കോടതിയുടെ സമ്മർദമാണ് പോലീസ് നടപടിക്ക് കാരണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതി നിയോഗിച്ച കമീഷൻ വിളിച്ചതനുസരിച്ചാണ് പൊലീസ് ഇടപെട്ടത്. പ്രതിഷേധത്തിനിടെ ഒരാൾ ദേഹത്ത് സ്വയം പെട്രോൾ ഒഴിച്ചപ്പോൾ അഗ്നിരക്ഷാസേന വെള്ളമൊഴിച്ചു. ഇതിനിടെയാണ് സ്ത്രീകൾ ഉരുണ്ടുവീണത്. കോടതിയില്‍നിന്ന് ആശ്വാസനടപടി ലഭിക്കാന്‍ എജിയെ ചുമതലപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.










0 comments