'ഇവരുടെ കണ്ണീരിനും വേദനക്കും മുന്നിൽ നിശബ്ദരാകില്ല"; പൊലീസ് ആക്രമണം ആരുടെ നിർദേശപ്രകാരമെന്ന് പി രാജീവ്

പി രാജീവിനോട് പൊലീസ് അതിക്രമം വിവരിക്കുന്ന പ്രദേശവാസി | ഫോട്ടോ: സുനോജ് നൈനാൻ കോശി
പെരുമ്പാവൂർ: പൊലീസ് നരനായാട്ട് നടത്തിയ എറണാകുളം കുന്നത്തുനാട് പാരിയത്തുകാവ് ഉന്നതിയിലെ ജനങ്ങളെ സിപിഐ എം ചേർത്തുപിടിക്കുമെന്ന് കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ഉടനെ, അതും മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരമൊരു ആക്രമണമുണ്ടായത് പ്രതിഷേധാർഹമാണ്. ഇതാണോ യുഡിഎഫ് സർക്കാർ പിന്തുടരാൻ പോകുന്ന പൊലീസ് നയമെന്ന് വ്യക്തമാക്കണമെന്നും രാജീവ് പറഞ്ഞു. പാരിയത്തുകാവിൽ പൊലീസ് അതിക്രമത്തിനിരയായവരെ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന അഭിഭാഷക കമീഷൻ നിലപാട് എടുത്തപ്പോൾ താൽക്കാലിക പരിഹാരമുണ്ടാക്കാനാണ് അന്ന് അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. പൊലീസ് ബലംപ്രയാഗിച്ച് ഒഴിപ്പിക്കരുതെന്നും ഭൂമി അളന്ന് പുറമ്പോക്ക് നിർണയിച്ച് ചട്ടപ്രകാരം പട്ടയം കൊടുക്കണമെന്നും നിലപാട് സ്വീകരിച്ചു. ഇതിന്റെ ഭാഗമായി സർവേ നടപടികൾ ആരംഭിച്ചു. പൂർത്തീകരിച്ചിരുന്നില്ല. അത് പൂർത്തിയാക്കും മുൻപ് സർക്കാർ മാറിയ ഉടനെയായിരുന്നു പൊലീസ് ആക്രമണം.
പിൻവാങ്ങിയെന്ന് തോന്നലുണ്ടാക്കിയ ശേഷമായിരുന്നു പ്രദേശവാസികളെ പൊലീസ് മർദിച്ചത്. പിൻവാങ്ങിയ പൊലീസ് ഏതെങ്കിലും നിർദേശമില്ലാതെ വരുമോയെന്നാണ് കുടുംബങ്ങളുടെ സംശയം. ഇക്കാര്യം ആഭ്യന്തര മന്ത്രി അന്വേഷിക്കണം. സർവേ നടപടികൾ പൂർത്തീകരിച്ച് മുഴുവൻ കുടുംബങ്ങൾക്കും ചട്ടപ്രകാരം പട്ടയം അനുവദിക്കണം. അതുവരെ പൊലീസ് നടപടിയുണ്ടാകരുതെന്ന് സർക്കാർ ഉറപ്പാക്കണം. ഇവിടെയുള്ളവരുടെ കണ്ണീരിനും വേദനക്കും മുന്നിൽ സിപിഐ എമ്മിന് നിശബ്ദരായി നിൽക്കാൻ കഴിയില്ല. അവർക്കൊപ്പം സിപിഐ എമ്മുണ്ടാകും–രാജീവ് പറഞ്ഞു.











0 comments