ബെംഗളൂരുവിലെ നഴ്സിങ് വിദ്യാർത്ഥിയുടെ മരണം: 'മകൻ ആത്മഹത്യ ചെയ്യില്ല'; ദുരൂഹത ആരോപിച്ച് കുടുംബം

ആദിത്യൻ
തിരുവനന്തപുരം: ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ മലയാളി വിദ്യാർത്ഥി ആദിത്യൻ (19) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് മാതാപിതാക്കൾ. തിരുവനന്തപുരം അരുവിക്കര സ്വദേശി പ്രദീപിന്റെ മകനായ ആദിത്യൻ, രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റൽ മുറിയിലെ സഹതാമസക്കാരായ രണ്ട് വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തെ ആദിത്യൻ എതിർത്തിരുന്നു.
ഇതേത്തുടർന്ന് ലഹരി സംഘം ആദിത്യനെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഈ സംഘർഷങ്ങൾ ആദിത്യനെ വലിയ മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. ബുധനാഴ്ച ആദിത്യൻ ഗുരുതരാവസ്ഥയിലാണെന്ന് മാത്രമാണ് കോളേജ് അധികൃതർ വീട്ടുകാരെ അറിയിച്ചത്.
എന്നാൽ കുടുംബം ബെംഗളൂരുവിൽ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. തലേദിവസം വൈകുന്നേരം പോലും വീട്ടുകാരുമായി സന്തോഷത്തോടെ സംസാരിച്ച ആദിത്യൻ ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ പ്രദീപ് ഉറപ്പിച്ചു പറയുന്നു. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കുടുംബത്തിന് നേരെ പൊലീസിന്റെ ഭാഗത്തുനിന്നും നീതിരഹിതമായ സമീപനമാണ് ഉണ്ടായത്.
കോളേജ് അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ലഹരി മാഫിയാ പ്രവർത്തനങ്ങളും ഇതിനെതിരെയുള്ള ആദിത്യന്റെ നിലപാടുമാണ് മരണത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. കോളേജ് മാനേജ്‌മെന്റിനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും, മണിക്കൂറുകളോളം കാത്തിരുന്നിട്ടും പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
പെയിന്റിംഗ് തൊഴിലാളിയായ പ്രദീപിന്റെയും അശ്വതിയുടെയും ഏക മകനാണ് ആദിത്യൻ. പ്ലസ് ടു കഴിഞ്ഞ് നഴ്സിങ് പഠനത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മകനെ ബെംഗളൂരുവിലേക്ക് അയച്ചത്. സെന്റ് ജോൺസ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.










0 comments