കേരളത്തിന്റെ ഐക്യദാർഢ്യം

കേന്ദ്ര വിദ്യാഭ്യാസമന്തി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടക്കുന്ന യുവജന സമരത്തിന് പിന്തുണയുമായി എറണാകുളം മഹാരാജാസ് കോളേജിൽ ഒത്തുകൂടിയവർ. സംവിധായകൻ ആഷിഖ് അബു, ഗായിക രശ്മി സതീഷ്, എഴുത്തുകാരായ കെ ആർ മീര, എൻ എസ് മാധവൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, അഡ്വ. ഹരീഷ് വാസുദേവൻ, നടൻ ജോജു ജോർജ് എന്നിവർ ചിത്രത്തിൽ

സ്വന്തം ലേഖകൻ
Published on Jul 23, 2026, 03:18 AM | 2 min read
കൊച്ചി
ജന്തർമന്തറിലെ പ്രക്ഷോഭകർക്ക് കേരളത്തിന്റെ ഐക്യദാർഢ്യം. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണച്ചും പൊരുതുന്ന വിദ്യാർഥി–യുവജന പോരാളികളെ തല്ലിയൊതുക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഉജ്വല പ്രതിഷേധമുയർത്തിയുമാണ് കേരളം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
മഹാരാജാസ് കോളേജിൽ ഉൾപ്പെടെ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. ദേശീയപതാകയും ഭരണഘടനയും കൈയിലേന്തി മോദിഭരണം തുലയട്ടെയെന്ന് വിളിച്ച മുദ്രാവാക്യങ്ങളിൽ മുഴങ്ങിയത് മതനിരപേക്ഷ കേരളത്തിന്റെ വീറും പോർവീര്യവും. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നഗരത്തിൽ നൈറ്റ് മാർച്ചും നടത്തി.
ജന്തർമന്തർമുതൽ മഹാരാജാസ് വരെ ഭരണകൂട ഭീകരതയ്‌ക്കെതിരെ പോരാട്ടം തുടരുമെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മഹാരാജാസ് കോളേജ് യൂണിയൻ നേതൃത്വത്തിൽ ഐക്യദാർഢ്യസദസ്സ്. എൻ എസ് മാധവൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ്, എഴുത്തുകാരി കെ ആർ മീര, സംവിധായകരായ ആഷിഖ് അബു, മഹേഷ് നാരായണൻ, നടൻ ജോജു ജോർജ്, രഞ്‌ജിനി ഹരിദാസ്, അഡ്വ. ഹരീഷ് വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.
പനന്പിള്ളിനഗറിൽ ‘ആസാദി, പാട്ടും പ്രതിഷേധവും നമ്മളും അവർക്കൊപ്പം’ എന്ന പേരിലായിരുന്നു ഐക്യദാർഢ്യം. റാപ്പർ വേടൻ, ഫുട്‌ബോൾതാരം സി കെ വിനീത്, ഗായകൻ അലോഷി, കെ കെ ഷാഹിന, എഴുത്തുകാരി നവമി, മനീഷ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
തല്ലിത്തകർക്കാൻ സർക്കാരിന് സാധിക്കില്ല: എൻ എസ് മാധവൻ
കൊച്ചി
ഹിറ്റ്‌ലർ അധികാരം കയ്യാളാൻ ഉപയോഗിച്ച ഉപായങ്ങൾ ഇവിടെയും ആവർത്തിക്കുന്നതായി എൻ എസ് മാധവൻ. ഹിറ്റ്‌ലർ ഭരണത്തിൽ തുടരണമെന്ന് വിശ്വസിച്ച ആളുകൾ റോഡിലിറങ്ങി പ്രതിഷേധക്കാരെ തല്ലിച്ചതയ്‌ക്കുമായിരുന്നു. ഡൽഹിയിലും പൊലീസുകാർക്കൊപ്പം വിദ്യാർഥികളെ തല്ലിച്ചതയ്‌ക്കാൻ ഇൗ നാട്ടിലെ ഒരുകൂട്ടം പൗരരുണ്ടായി.
ഇൗ നാടുണ്ടാക്കിയത് ജനങ്ങളുമായി സർക്കാരുണ്ടാക്കിയ ഉടന്പടിയുടെ പേരിലാണ്. അതനുസരിച്ച് സർക്കാരിന് പല ഉത്തരവാദിത്വങ്ങളുമുണ്ട്. എന്നാൽ വിദ്യാർഥികളെ തല്ലിച്ചതയ്‌ക്കുന്പോൾ യാതൊരുവിധ ഉത്തരവാദിത്വവുമില്ലെന്നും തങ്ങൾ അതിന് അതീതരാണെന്നും സർക്കാർ വിശ്വസിക്കുന്നു. നീണ്ട സമരപാരന്പര്യമുള്ള നാടാണ് നമ്മുടേത്. ഒറ്റ സമരത്തേയും തല്ലിത്തകർക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിനെയും തകർക്കാനാവില്ല. സ്വാതന്ത്ര്യം, നീതി എന്നിവയെല്ലാം ഭരണഘടനയിലെ വാക്കുകൾ മാത്രമല്ല, നമ്മുടെ ജീവിത പ്രമാണങ്ങളാണ്. നമ്മൾ അതിജീവിക്കും.
നിശബ്ദരാക്കാനുള്ള ശ്രമം: കെ ആർ മീര
നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ എല്ലായിടങ്ങളിൽനിന്നും വരുന്നു. ആത്മവിശ്വാസം നശിപ്പിച്ച് നിശബ്ദരാക്കാനുള്ള വലിയ അജണ്ടയുടെ ചെറിയ ബഹിർസ്‌ഫുരണങ്ങളാണ് അധിക്ഷേപിക്കലും അപമാനിക്കലും ആക്രമണങ്ങളും. അറിവാണ് ആത്മവിശ്വാസത്തിന്റെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിത്തറ. വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങൾക്കായി ശബ്ദമുയർത്തിക്കൊണ്ടേയിരിക്കണം. ശബ്ദിക്കുന്നവർക്കൊപ്പം കൂടാനേ ആളുകളുണ്ടാകൂ. നിശബ്ദർക്ക് നിശബ്ദത മാത്രമേ പകരം വാങ്ങാനാകൂ.

മനുഷ്യത്വരഹിതം: റാപ്പർ വേടൻ
ജനാധിപത്യസമരങ്ങളെ അടിച്ചില്ലാതാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് വേടൻ പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യം ന്യായമാണ്. ഇവരെ തീവ്രവാദികളെന്ന് വിളിച്ച് ചിലർ ആക്ഷേപിക്കുന്നു. സമരക്കാരെ എത്രനാൾ ഇവർക്ക് അടിച്ചമർത്താൻ പറ്റും.









0 comments