‘എനിക്ക് മികച്ചൊരു ഭാവി വേണം’; സിജെപി സമരവേദിയിൽ 13കാരി

ന്യൂഡൽഹി: “എനിക്ക് മികച്ചൊരു ഭാവി വേണം” ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭവേദിയിൽ ദേശീയപതാകയുമായി എത്തിയ 13കാരി ഉമാസയുടെ വാക്കുകളാണിത്. ഡൽഹിയിലെ ദര്യാഗഞ്ചിൽനിന്ന് പിതാവ് സലീമിനും സുഹൃത്ത് റഹീസയ്ക്കുമൊപ്പമാണ് ഉമാസ സമരവേദിയിലെത്തിയത്.
ചോദ്യപേപ്പർ ചോർച്ച നേരിട്ട പ്രവേശനപരീക്ഷാ വിദ്യാർഥികളുടെ അനിശ്ചിതത്വം ഭാവിയിൽ തനിക്ക് അനുഭവിക്കേണ്ടിവരരുതെന്ന് ഉമാസ പറഞ്ഞു. അതുകൊണ്ടാണ് മികച്ചൊരു ഭാവിക്കായി പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും കുട്ടി വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും സർക്കാർ വിദ്യാർഥികളുമായി ചർച്ച നടത്തണമെന്നും സമരത്തിൽ പങ്കെടുത്ത ആശിഷ് എന്ന യുവതി ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്തമുണ്ടാകണം. പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ പ്രതിഷേധക്കാരുമായി സർക്കാർ സംസാരിക്കണമെന്നും അവർ പറഞ്ഞു.
“ഞങ്ങൾ ഇവിടെ നിൽക്കുന്നത് ഞങ്ങൾക്കുവേണ്ടി മാത്രമല്ല. എല്ലാ വിദ്യാർഥികൾക്കും കുട്ടികൾക്കും വേണ്ടിയാണ്. ഞങ്ങളുടെ പ്രക്ഷോഭത്തോട് വിയോജിക്കുന്നവരുടെ കുട്ടികൾക്കുവേണ്ടിയും ഞങ്ങൾ ഇവിടെ നിൽക്കുന്നു”. ആശിഷ് പറഞ്ഞു.
വ്യക്തികളേക്കാൾ വലുതാണ് ചില ആശയങ്ങളും പ്രസ്ഥാനങ്ങളുമെന്ന് പ്രതിഷേധക്കാരനായ ഫറാസ് പ്രതികരിച്ചു. പാഠപുസ്തകങ്ങളിലും സിനിമകളിലും വായിച്ചും കണ്ടും വളർന്ന ഇന്ത്യയെന്ന ആശയത്തിനുവേണ്ടിയാണ് താൻ സമരവേദിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാർക്കുനേരെയുണ്ടായ പൊലീസ് നടപടി പ്രകോപനമില്ലാത്തതും അപ്രതീക്ഷിതവുമായിരുന്നെന്ന് ഫറാസ് പറഞ്ഞു. താൻ ജീവിക്കുന്ന നഗരത്തിൽ നേരിട്ട് കണ്ട ഏറ്റവും ഭീകരമായ സംഭവമായിരുന്നു പൊലീസ് നടപടിയെന്ന് മറ്റൊരു യുവാവും പ്രതികരിച്ചു. ഭരിക്കുന്നവർ ആരായാലും ഒരാളോടും ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചകളിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ടും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുമാണ് കോക്രോച്ച് ജനതാ പാർടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സമരം തുടരുന്നത്.









0 comments