ഭക്ഷണവും പാർപ്പിടവും അവഗണിക്കുന്നു, ബോംബുകൾക്കായി പരിധിയില്ലാത്ത പണം ആവശ്യപ്പെടുന്നു; യുദ്ധച്ചെലവുകൾക്ക് എതിരെ ഡെമോക്രാറ്റുകൾ

ഡോണൾഡ് ട്രംപ് | PHOTO: AFP
വാഷിങ്‌ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധിക ഫണ്ട് ആവശ്യപ്പെട്ടതിൽ യുഎസ് പ്രതിരോധ സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് സെനറ്റർമാർ. പ്രസിഡന്റ് യുദ്ധം കൂടുതൽ വഷളാക്കാനും യുദ്ധക്കുറ്റങ്ങൾ ചെയ്യാനും ഭീഷണിപ്പെടുത്തുകയാണെന്ന് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി ഹിയറിങ്ങിൽ സെനറ്റർ പാറ്റി മുറേ പറഞ്ഞു.
കരാർ ഉടൻ ഉണ്ടാകുമെന്ന് 40ൽ അധികം തവണ പറഞ്ഞിട്ടും, ഇപ്പോൾ വീണ്ടും 70 ബില്യൺ ഡോളർ കൂടി ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. 2027-ലെ പെന്റഗൺ ബജറ്റിനായി പ്രഖ്യാപിച്ച 1.5 ട്രില്യൺ ഡോളർ പാസാക്കാൻ ആവശ്യപ്പെട്ട പ്രതിരോധ സെക്രട്ടറി ഹെഗ്സെത്തിനെ സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് വിമർശിച്ചു. ആരോഗ്യം, ഭക്ഷണം, പാർപ്പിടം, കർഷകരുടെ ആവശ്യങ്ങൾ എന്നിവ അവഗണിച്ച് ബോംബുകൾ നിർമിക്കാൻ പരിധിയില്ലാത്ത പണം ആവശ്യപ്പെടുകയാണെന്ന് അവർ ആരോപിച്ചു.
യുദ്ധം ജയിക്കാനുള്ള കൃത്യമായ തന്ത്രമോ ദീർഘകാല പദ്ധതിയോ ട്രംപിനില്ലെന്ന് സെനറ്റർ ഗാരി പീറ്റേഴ്സ് പറഞ്ഞു. അതേസമയം ജനപ്രതിനിധികൾ യുഎസ് സൈന്യത്തിന് ഫണ്ട് നൽകാൻ മടിക്കുകയാണെന്ന് ഹെഗ്സെത്ത് തിരിച്ചടിച്ചു. എന്നാൽ ഇത് പണത്തിന്റെ പ്രശ്നമല്ലെന്നും നേതൃത്വത്തിന്റെ പരാജയമാണെന്നും പീറ്റേഴ്സ് മറുപടി നൽകി.









0 comments