സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാർഥി പിടിയിൽ

തിരുവനന്തപുരം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥി പിടിയിൽ. വയനാട് കാക്കവയൽ സ്വദേശി ഏബലാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.
സമൂഹമാധ്യമങ്ങളിൽനിന്ന് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം ചില ചിത്രങ്ങൾ വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ ചിത്രങ്ങൾ കണ്ടെത്തിയത്.
പരാതി പൊലീസ് വേണ്ട ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പരാതിയുമായി എത്തിയവരെ മണിക്കൂറുകളോളം കാത്തുനിർത്തിയെന്നും മുഴുവൻ വിദ്യാർഥിനികളുടെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാൽ ഒരേ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതിനാൽ ഒന്നിലധികം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പൊലീസ് നിലപാട്.
എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർഥികളും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. മുഴുവൻ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.









0 comments