പാറശാല എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

SUSPENDED
വെബ് ഡെസ്ക്

Published on Sep 16, 2025, 03:09 AM | 1 min read

തിരുവനന്തപുരം: കാറിടിച്ച്‌ കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ നിർത്താതെ പോയ പാറശാല എസ്എച്ച്ഒ പി അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തു. കാർ ഇടിച്ചിട്ടശേഷം പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകാതെയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയും പോയത് അതീവ ഗൗരവമുള്ള കുറ്റമാണെന്ന് ദക്ഷിണമേഖലാ ഐജി എസ് ശ്യാംസുന്ദറിന്റെ ഉത്തരവിൽ പറയുന്നു.


സംഭവത്തിൽ നടപടിക്ക്‌ ശുപാർശ ചെയ്ത് റൂറൽ എസ്‌പി കെ എസ് സുദർശൻ ഡിഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഡിഐജി അജിത ബീഗം റിപ്പോർട്ട് പരിശോധിച്ചശേഷം ദക്ഷിണമേഖലാ ഐജി എസ് ശ്യാംസുന്ദറിന് കൈമാറിയതിനെ തുടർന്നാണ് നടപടി. പി അനിൽകുമാറിന്റെ പ്രവൃത്തി സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നതാണെന്നും ഉത്തരവിലുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം റൂറൽ ജില്ലാ നർകോട്ടിക്സ്‌ സെൽ ഡിവൈഎസ്‌പി പ്രദീപിനെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.


ഈ മാസം 7ന് പുലർച്ചെയായിരുന്നു അപകടം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അനിൽ കുമാറിന്റെ വാഹനമാണ് കാൽനട യാത്രികനായ കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജനെ (59) ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞതെന്ന് തെളിഞ്ഞിരുന്നു. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചുവെന്നാണ് കേസ്. എസ്എച്ച്ഒ അനിൽ കുമാർ നിലവിൽ ഒളിവിലാണെന്നാണെന്ന് കിളിമാനൂർ പൊലീസ് പറയുന്നു. ബംഗളൂരുവിൽ മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചു പോയ അനിൽകുമാർ ഞായറാഴ്ച രാവിലെ തിരിച്ചെത്തിയെങ്കിലും സ്റ്റേഷനിലോ എസ്പി ഓഫിസിലോ റിപ്പോർട്ട് ചെയ്തിരുന്നില്ല.ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home