print edition കോഴിക്കോടിന് മന്ത്രിയില്ല; കരിങ്കൊടി പുതച്ച് ലീഗ് ഓഫീസ്

മന്ത്രിമാരെ പ്രഖ്യാപിച്ചതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് കോഴിക്കോട്ടെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി പോസ്റ്ററുകള്‍ പതിച്ചപ്പോള്‍
കോഴിക്കോട്: മന്ത്രിസഭയിൽ കോഴിക്കോട് ജില്ലയ്‌ക്ക് പ്രാതിനിധ്യം നിഷേധിച്ച നേതൃത്വത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിൽ കരിങ്കൊടി കെട്ടിയും പോസ്‌റ്റർ പതിച്ചും പ്രവർത്തകർ. ‘കോഴിക്കോട് ജില്ലയെ തഴയാൻമാത്രം ഗഫൂറിന്റെ മെറിറ്റ് എന്തെ’ന്നാണ് പ്രവർത്തകർ പോസ്‌റ്ററിൽ ചോദിച്ചത്.
‘ആറിൽ ആറും നേടി കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം അയോഗ്യത എന്ത്, സമ്മേളനം ചേരാനുള്ള ജില്ല മാത്രമോ’– തുടങ്ങിയ പോസ്‌റ്ററുകളും ഞായറാഴ്‌ച സംസ്ഥാന കമ്മിറ്റി ഓഫീസായ ലീഗ് ഹൗസിന്റെ മതിലിലും ഗേറ്റിലും പതിച്ചു. സത്യപ്രതിജ്ഞയിലേക്ക് കടക്കുമ്പോൾ സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിൽ കരിങ്കൊടി ഉയർന്നത് നാണക്കേടായതോടെ തിങ്കൾ രാവിലെ നേതൃത്വം ഇടപെട്ടാണ് ഇവ നീക്കിയത്.
ഞായർ വൈകിട്ട് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കുംവരെ ജില്ലയ്‌ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതിയത്. കുറ്റ്യാടിയിൽനിന്നുള്ള പാറക്കൽ അബ്ദുള്ളയുടെ പേരായിരുന്നു വാർത്തകളിൽ.
എന്നാൽ, പാറക്കലിനെ വെട്ടി വി ഇ അബ്ദുൾ ഗഫൂർ മന്ത്രിസഭയിൽ ഇടംനേടിയതോടെ സമൂഹമാധ്യമങ്ങളിലും തെരുവിലും പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങി. രണ്ടരവർഷത്തിനുശേഷം മന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് ശമിച്ചില്ല. ആദ്യമായാണ് ജില്ലയിൽ മത്സരിച്ച എല്ലാ സീറ്റിലും ലീഗ് ജയിക്കുന്നത്. മൂന്ന് സീറ്റുണ്ടായ 2011ലും നാല് സീറ്റുണ്ടായ 2001ലും മന്ത്രിയുണ്ടായിരുന്നു.











0 comments