Deshabhimani

പാങ്ങപ്പാറ അഭിറാം കൊലപാതകം; 17കാരനെ ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും

കൊല്ലപ്പെട്ട അഭിറാം
avatar
സ്വന്തം ലേഖകൻ

Published on Nov 10, 2026, 07:26 AM | 1 min read

കഴക്കൂട്ടം : ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി പതിനേഴുകാരനെ ചൊവ്വാഴ്‌ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പുമുണ്ടാകും. ശനി വൈകിട്ട്‌ കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി ഉമർ മുഫ്താർ, മൂന്നാം പ്രതി ആനന്ദ എന്നിവരെ തെളിവെടുപ്പിനുശേഷം തിങ്കൾ വൈകിട്ട്‌ കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തു. ഇരുവരും ചോദ്യം ചെയ്യലിൽ സഹകരിച്ചില്ല. മൊഴി മാറ്റിമാറ്റി കുഴപ്പിച്ചു.


അഭിറാമിന്റെയും ഒന്നാം പ്രതിയുടെയും മൊബൈൽ ഫോൺ, കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ്, അഭിറാം ധരിച്ചിരുന്ന മാല, ഷർട്ട് എന്നിവ കണ്ടെത്താനായിട്ടില്ല. അഭിറാമിന്റെ മൊബൈൽ ഫോൺ കൊല നടന്ന സ്ഥലത്തിനടുത്ത് തെറ്റിയാർ തോട്ടിലും ഒന്നാം പ്രതിയുടെ മൊബൈൽ ഫോൺ സമീപത്തെ മറ്റൊരു നീർച്ചാലിലും എറിഞ്ഞെന്നാണ്‌ രണ്ടാം പ്രതി ഉമറിന്റെ ആദ്യ മൊഴി. പിന്നീട് കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞെന്ന്‌ പറഞ്ഞു. രണ്ടിടത്തും തിരഞ്ഞിട്ടും കണ്ടെടുക്കാനായില്ല. അഭിറാമിന്റെ കഴുത്തിൽ കുടുക്കിട്ട ബെൽറ്റ് ഉമറിന്റെ വീട്ടിലുണ്ടെന്ന സംശയത്തിൽ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കിട്ടിയില്ല.


ഉമർ രണ്ടാമതൊരു ഫോൺ ഉപയോഗിച്ചിരുന്നെന്ന വിവരം ലഭിച്ചെങ്കിലും അതും കണ്ടെത്താനായില്ല. രണ്ട്‌ ഫോൺ ഇല്ലെന്നാണ് ഉമർ പൊലീസിനോട്‌ പറഞ്ഞത്. വീണ്ടും ഉമറിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും. ഒന്നാം പ്രതിയും ഉമറും ചേർന്ന്‌ കൊലപാതകം ആസൂത്രണം ചെയ്‌തത്‌ അറിയാമായിരുന്നുവെന്നും അതേസമയം കൊല്ലപ്പെട്ടത്‌ പിന്നീടാണ്‌ അറിഞ്ഞതെന്നും ആനന്ദ പറഞ്ഞു. ആനന്ദയെ ശ്രീകാര്യം സ്റ്റേഷനിലും ഉമറിനെ കഴക്കൂട്ടം എസിപി ഓഫീസിലുമാണ്‌ ചോദ്യം ചെയ്തത്. നാലാം പ്രതി ഐശ്വര്യയെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ നടത്തുമെന്ന്‌ പൊലീസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home