ad
Deshabhimani

print edition ഒറ്റരാത്രിയിൽ അനാഥമായി പാങ്ങ്‌ സ്‌കൂൾ

valparai tragedy
avatar
സുധ സുന്ദരൻ

Published on Apr 19, 2026, 01:07 AM | 1 min read

മലപ്പുറം: ഒറ്റരാത്രിയിൽ അനാഥമായി ഒരു സ്കൂൾ. പാങ്ങ് ഗവ. എൽപി സ്കൂളിൽ ഇനി അവശേഷിക്കുന്നത് ഒരു അധ്യാപികമാത്രം. വാൽപ്പാറ അപകടത്തിൽ നഷ്ടമായത്‌ സ്‌കൂളിലെ അഞ്ച്‌ അധ്യാപകരെയാണ്‌. ഹജ്ജിന്‌ പോവാനുള്ളതിനാലാണ്‌ സ്‌കൂളിലെ വിനോദയാത്രയിൽനിന്ന്‌ അധ്യാപിക പി ഹസ്‌നത്ത് മാറിനിന്നത്.


സ്‌കൂളിലെ കെജി അധ്യാപികമാരായ യശോദയും റസീനയും സ്‌കൂളിലെ താൽക്കാലിക ജീവനക്കാരാണ്‌. യശോദ ആരോഗ്യപ്രശ്‌നങ്ങളാൽ യാത്രയിൽ പങ്കെടുക്കേണ്ടയെന്ന്‌ തീരുമാനിച്ചതോടെ റസീനയും യാത്രയിൽനിന്ന്‌ പിന്മാറുകയായിരുന്നു. പ്യൂൺ എ ഗോപാലനും അവസാന നിമിഷമാണ്‌ യാത്രയിൽനിന്ന്‌ പിന്മാറിയത്‌.


‘ഒരു കുടുംബംപോലെയാണ്‌ ഞങ്ങൾ കഴിഞ്ഞിരുന്നത്‌. ജീവനക്കാരും അധ്യാപകരും തമ്മിൽ വേർതിരിവുകളില്ലായിരുന്നു. എല്ലാ വർഷവും സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളോടൊപ്പം യാത്രകൾ സംഘടിപ്പിക്കാറുണ്ട്‌. കഴിഞ്ഞ ഡിസംബറിൽ കുട്ടികളെയുംകൊണ്ട് ഊട്ടിയിൽ പോയിരുന്നു.


ഓരോ യാത്രയും ഞങ്ങൾക്ക്‌ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഞാൻ മാറിനിന്ന യാത്ര ദുരന്തത്തിലേക്കാകുമെന്ന് കരുതിയില്ലെന്നും ഹസ്‌നത്ത് പറഞ്ഞു. ‘സ്റ്റാഫ്‌ ടൂറിനുവേണ്ടി അധ്യാപകർ പ്രത്യേക വാട്സാപ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഒരുക്കങ്ങൾ ചർച്ചചെയ്യാനായി കഴിഞ്ഞദിവസം ഗൂഗിൾ മീറ്റും കൂടി. പുലർച്ചെ മൂന്നരയ്ക്ക് ഭക്ഷണം തയ്യാറാക്കാനായി ഏർപ്പാട് ചെയ്തിരുന്നെന്ന് അവർ പറഞ്ഞു.


അജിത ടീച്ചർ വാഹനത്തിനകത്തെ ഫോട്ടോ സ്റ്റാറ്റസ് ആക്കിയത് കണ്ടിരുന്നു. ആ സന്തോഷയാത്ര ഇങ്ങനെയൊരു ദുരന്തമാവുമെന്ന്‌ കരുതിയില്ല’ – ഹസ്‌നത്ത് പറഞ്ഞു. വിദ്യാലയത്തിലെ അധ്യാപക നിയമനം ഉടൻ പൂർത്തിയാക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home