Deshabhimani

print edition പഞ്ചരത്നകീർത്തനാലാപനം: അമരസംഗീതം അമൃതധാരയായി

Guruvayoor Temple
വെബ് ഡെസ്ക്

Published on Nov 21, 2026, 01:44 AM | 2 min read

ഗുരുവായൂർ: ഗുരുവായൂരിലെത്തിയ ആയിരക്കണക്കിന് ആസ്വാദകരുടെ മനസ്സുകളിൽ സുഖദായകസംഗീതത്തിന്റെ തേൻമഴ, ചെമ്പൈ സംഗീതോത്സവവേദിയിൽ അമൃതപ്രവാഹമായി പഞ്ചരത്നകീർത്താനാലപനം. ദശമി ദിവസമായ വെള്ളി രാവിലെ 9 മുതൽ 10വരെ നടന്ന പഞ്ചരത്ന കീർത്തനാലാപനത്തിൽ ശാസ്ത്രീയ സംഗീതരംഗത്തെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരാണ് അണിനിരന്നത്.


നൂറു കണക്കിന് സംഗീതകാരന്മാരും ആയിരക്കണക്കിന് സംഗീത പ്രേമികളും ഒരേലയത്തിലും ഒരേതാളത്തിലും സംഗീതത്തിലെ അമൂല്യരത്നങ്ങളായ പഞ്ചരത്ന കീർത്തനങ്ങൾ ആലപിച്ചു.ത്യാഗരാജഭാഗവതർ ചിട്ടപ്പെടുത്തിയ ആദിതാളത്തിലുള്ള പ്രസിദ്ധങ്ങളായ അഞ്ച് കീർത്തനങ്ങളാണ് വേദിയും സദസ്സും ഒന്നായി ആലപിച്ചത്. ഘനരാഗങ്ങളായ നാട്ട,ഗൗള,ആരഭി,വരാളി,ശ്രീ രാഗങ്ങളിലുള്ള ‘ജഗദാനന്ദ കാരക’, ‘ദുഡുകു ഗലനന്നെ’, ‘സാധിംചെനെ’, ‘കനകനരുചിര’, ‘എന്തൊരു മഹാനുഭാവലു’ എന്നീ പഞ്ചരത്നകീർത്തനങ്ങൾ ആലപിച്ചപ്പോൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും പരിസരത്തുമായി തിങ്ങി നിറഞ്ഞിരുന്ന ആസ്വാദകവൃന്ദം എല്ലാം മറന്ന് അതിലലിഞ്ഞു പാടി.


കർണാടക സംഗീതരംഗത്തെ പ്രഗത്ഭരായ പാർവതിപുരം പത്മനാഭ അയ്യർ,എം കെ ശങ്കരൻ നമ്പൂതിരി, ചേപ്പാട് എ ഇ വാമനൻ നമ്പൂതിരി, പൊൻകുന്നം രാമചന്ദ്രൻ, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ, ഡോ.ഗുരുവായൂർ കെ മണികണ്ഠൻ, ആനയടി പ്രസാദ്, മൂളികുളം ഹരികൃഷ്ണൻ, ഡോ. ശ്രീദേവ് രാജഗോപാൽ, കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ, ആറ്റുവശേരി മോഹനൻ പിള്ള, വെച്ചൂർ ശങ്കർ, വെള്ളിനേഴി സുബ്രഹ്മണ്യം, മാതംഗി സത്യമൂർത്തി. ഡോ.വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ. എൻ ജെ നന്ദിനി, ഡോ. എ അശ്വതി. ഡോ. ആനയടി ധനലക്ഷ്മി,ഗീതാദേവി വാസുദേവൻ, ഡോ. ഭാവന രാധാകൃഷ്ണൻ, ഗുരുവായൂർ ഭാഗ്യലക്ഷ്മി, പ്രിയ കൃഷ്ണ മൂർത്തി എന്നിവർ വായ്പാട്ടിൽ നേതൃത്വം നൽകി. പ്രൊഫ. എസ് ഈശ്വരവർമ,തിരുവിഴ ശിവാനന്ദൻ, കണ്ഡദേവി വിജയരാഘവൻ, ആർ സ്വാമിനാഥൻ,പ്രൊഫ, ജി ഉല്ലാസ്,സുനിത ഹരിശങ്കർ(വയലിൻ),പ്രൊഫ.വൈക്കം വേണുഗോപാൽ,എൻ ഹരി,കുഴൽമന്ദം രാമകൃഷ്ണൻ, എ ബാലകൃഷ്ണ കമ്മത്ത്,കോവൈ കെ എസ് രംഗനാഥൻ(മൃദംഗം),കോവൈ സുരേഷ്, മാഞ്ഞൂർ ഉണ്ണികൃഷ്ണൻ(ഘടം), വി മുകുന്ദ് സായ്(ഗഞ്ചിറ), പയ്യന്നൂർ ഗോവിന്ദപ്രസാദ്,തൊടുപുഴ നടരാജൻ,താമരക്കുടി രാജശേഖരൻ(മുഖർശംഖ്),ഗുരുവായൂർ ജ്യോതിദാസ്(ഇടക്ക) എന്നിവരുമുൾപ്പെടെ 80ഓളം പേർ പഞ്ചരത്നകീർത്തനാലാപനത്തിന് നേതൃത്വം നൽകി.


സംഗീതോത്സവം അവസാനിക്കുന്നത്‌ ഇന്ന്‌


ഇന്ത്യയിലെ സംഗീതോത്സവങ്ങളെല്ലാം തന്നെ പഞ്ചരത്നകീർത്തനാലാപനത്തോടെ അവസാനിക്കുമ്പോൾ ചെമ്പൈ സംഗീതോത്സവം മാത്രമാണ് അതിന് ശേഷവും തുടരുക. ഏകാദശി ദിവസമായ ശനിയാഴ്ച അർധരാത്രി ചെമ്പൈയുടെ അഞ്ച് ഇഷ്ടകീർത്തനങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഒത്തുചേർന്ന് പാടിക്കഴിഞ്ഞാൽ 15 ദിവസം നീണ്ടു നിന്ന ചെമ്പൈസംഗീതോത്സവത്തിന് സമാപനമാവും. ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങളായ ‘വാതാപി ഗണപതിം’ഹംസധ്വനിയിലും ‘രക്ഷയമാം ശരണാഗതം’ഗംഭീര നാട്ടയിലും,‘കരുണചെയ്‌വാനെന്ത്‌ താമസം’, യദുകുലകാമ്പോജിയിലും ‘സാരസാക്ഷി’പന്തുവരാളിയിലും ‘പാവനഗുരു പവന’ ഹംസാനന്ദിയിലും അവതരിപ്പിച്ചാണ് ചെമ്പൈ സംഗീതോത്സവത്തിന് സമാപനമാകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home