ഉപതെരഞ്ഞെടുപ്പ്: പാമ്പാക്കുട പഞ്ചായത്ത് ഓണക്കൂർ വാർഡിൽ എൽഡിഎഫിന് ഉജ്വല വിജയം

സി ബി രാജീവ്
പിറവം: യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച് ഉപതെരഞ്ഞെടുപ്പ് നടന്ന പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ 10-ാംവാർഡിൽ എൽഡിഎഫിന് മിന്നുന്ന ജയം. എൽഡിഎഫ് സ്ഥാനാർത്ഥി സി ബി രാജീവ് 221 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
സി ബി രാജീവ് 558 വോട്ടുകൾ നേടി. യുഡിഎഫിലെ ജോസ് ടി പി തെളിയാമ്മേൽ -337, എൻഡിഎ സ്ഥാനാർഥി ശ്രീകാന്ത് -34, സ്വതന്ത്ര സ്ഥാനാർഥി പൗലോസും (മൈനോച്ചൻ) -35 വോട്ടുകളും നേടി.
തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 81.74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1183 വോട്ടർമാരിൽ 965 പേർ വോട്ട് രേഖപ്പെടുത്തി. 487 പുരുഷ വോട്ടർമാരും 478 സ്ത്രീ വോട്ടർമാരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന് പുലർച്ചെയാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി എസ് ബാബു മരിച്ചത്. എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ച ഏക തദ്ദേശ വാർഡാണിത്. 15 അംഗ ഭരണസമിതിയിൽ യു ഡി എഫ് 9, എൽ ഡി എഫ് 5, സ്വതന്ത്ര മുന്നണി ഒന്ന് എന്നതാണ് ഇപ്പോൾ കക്ഷിനില.
എടക്കരയിലും വിഴിഞ്ഞത്തും യുഡിഎഫ്
എടക്കര: മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിംപാടം ഏഴാം വാർഡിൽ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി സുബൈദ കൊരമ്പയിൽ 222 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ മാസം നടന്ന ജില്ല, ബ്ലോക്ക് പഞ്ചായത്തിൻ്റെ ഇലക്ഷനിൽ ലഭിച്ച യുഡിഎഫ് ലീഡ് ഇടിഞ്ഞു. ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് 274 വോട്ട് ലീഡും, ബ്ലോക്കിൽ 271 ലീഡും ആണ് ഉണ്ടായിരുന്നത്.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സെബിന 279 വോട്ട് നേടി. എൻഡിഎ സ്‌ഥാനാർഥി ടി അനിതക്ക് 14 വോട്ടും, സ്വതന്ത്ര സ്ഥാനാർഥി സബ്ന തണ്ടുപാറയ്ക്ക് ആറ് വോട്ടും ലഭിച്ചു.
യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തെരഞ്ഞെടുപ്പാണ് നടന്നത്. വാർഡിൽ ആകെ 950 വോട്ടർമാരാണുള്ളത്. 800 പേർ വോട്ട് ചെയ്തു. 437 സ്ത്രീകളും 363 പുരുഷൻമാരും വോട്ട് ചെയ്തു. കാരപ്പുറം ക്രസന്റ് യുപി സ്കൂളിലായിരുന്നു വോട്ടെണ്ണൽ.
കോവളം: തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സുധീർ ഖാൻ 83 വോട്ടിന് വിജയിച്ചു. 2902 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിലെ എൻ നാഷാദ് 2819 വോട്ടുകൾ നേടി. എൻഡിഎയുടെ സർവ്വശക്തി പുരം ബിനു 2437 വോട്ടും നേടി.










0 comments