തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിലെ പതിനായിരത്തോളം താളിയോലകൾ സംരക്ഷിക്കാൻ സംസ്ഥാന പുരാരേഖാവകുപ്പ് നടപടി തുടങ്ങി. സംരക്ഷിക്കുന്നത് പതിനായിരത്തോളം താളിയോല
print edition ചരിത്രം നിറയുന്ന താളിയോലകൾ

തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിലെ താളിയോലകൾ പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
കെ വി രഞ്‌ജിത്
Published on Nov 06, 2025, 03:45 AM | 2 min read
കാസർകോട്
കാലത്തിന്റെ ഇടനാഴിയിലൂടെ സുദീർഘം താണ്ടിയ സാക്ഷ്യപത്രങ്ങളായ പതിനായിരത്തോളം താളിയോലകൾ സംരക്ഷിക്കാനുള്ള പുരാരേഖാവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിൽ തുടക്കം. ക്ഷേത്രത്തിലെ കന്നിക്കൊട്ടാരത്തിലെ പൊടിപിടിച്ച് നശിക്കാറായ താളിയോലകൾ പുൽത്തൈലവും പ്രത്യേക രാസവസ്തുക്കളും ഉപയോഗിച്ചാണ് സംരക്ഷിക്കുക. സംസ്ഥാന പുരാരേഖാവകുപ്പിന്റെ കോഴിക്കോട് റീജിയണൽ ആർക്കൈവ്‌സിലെ ഉദ്യോഗസ്ഥർ ബുധനാഴ്‌ച ക്ഷേത്രത്തിലെത്തി താളിയോലകൾ പരിശോധിച്ചു. കമ്യൂണിറ്റി ആർക്കൈവ്‌സ് പദ്ധതിയിലാണ് ഓലരേഖകളുടെ ശാസ്‌ത്രീയ സംരക്ഷണത്തിനുള്ള നടപടി തുടങ്ങിയത്. ഇവ സംരക്ഷിക്കാൻ രണ്ട് ജീവനക്കാരെയും സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റ് നിയോഗിച്ചിട്ടുണ്ട്. ഇവർ 10ന് ക്ഷേത്രത്തിലെത്തി ചുമതലയേറ്റെടുക്കും.
താളിയോലരേഖകളും ചരിത്രരേഖകളും ഭാവിതലമുറയ്ക്കായി സംരക്ഷിക്കാൻ പ്രത്യേക പദ്ധതിയാണ് ഒരുക്കുന്നതെന്ന് കോഴിക്കോട് റീജണൽ ആർകൈക്കവ്‌സ് സൂപ്രണ്ട് എം ജി ജ്യോതിഷ് പറഞ്ഞു.
ബാർട്ടർ സമ്പ്രദായത്തെപ്പറ്റിയും
‘കൊള്ളുക, കൊടുക്ക’ എന്ന പരാമർശമടക്കം പഴയകാല ബാർട്ടർ സമ്പ്രദായത്തെ സൂചിപ്പിക്കുന്ന രേഖകൾ താളിയോലകളുടെ പ്രഥമ വായനയിൽ തെളിഞ്ഞെന്ന് കോഴിക്കോട് മൂസിയം ഓഫീസറും ഗവേഷകനുമായ കെ കൃഷ്‌ണരാജ് പറഞ്ഞു. പൊടിപിടിച്ച ഓലകൾ മിനുക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഒളവറ മുതൽ ചീമേനി പെരുന്പട്ടവരെ നിരവധി ക്ഷേത്രങ്ങളുടെയടക്കം അധീനതയുണ്ടായിരുന്ന താഴെക്കാട്ട് മനയുടെ കീഴിലായിരുന്ന ചക്രപാണി ക്ഷേത്രത്തിലെ താളിയോലകളിൽ അപൂർവത ഉണ്ടാകാമെന്ന് കരുതുന്നു. കൊല്ലവർഷം 900ത്തിൽ പുലിയന്നൂർ പുതിയറക്കാൽ ക്ഷേത്രത്തിലെ ഉത്സവത്തിലെ ചടങ്ങും തെളിമലയാളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 1800 മുതൽ 1940 വരെയുള്ള വിവരങ്ങൾ രേഖകളിലുണ്ടാകും. ചിറക്കൽ കോവിലകവുമായി ബന്ധപ്പെട്ടുള്ള സ്വത്തിടപാടുകളും 1852നുശേഷമുള്ള സ്ഥലമിടപാടുകളും ആദ്യനോട്ടത്തിൽ വായിച്ചെടുത്തു. ചിറക്കൽ രാജാവ് ഭൂമി പതിച്ചുനൽകിയ രേഖകൾ, രാജാക്കന്മാരുടെ ആശയവിനിമയം, സമീപ ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പ് രേഖകൾ തുടങ്ങിയവ താളിയോലകളിൽപ്പെടുന്നു.
ഡിജിറ്റൽ ഫോർമാറ്റിലാക്കും
കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷക സമരങ്ങൾക്കിടയാക്കിയ രേഖകളും ഇവയിലുണ്ടാകുമെന്നാണ് കരുതുന്നത്. കുടികിടപ്പവകാശക്കാരുടെ സ്ഥലങ്ങളും അവ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ഉണ്ടാകാനാണ് സാധ്യത. കരിവെള്ളൂർ സമരം, ചീമേനി തോൽ–വിറക് സമരം, ഉദിനൂർ വിളകൊയ്‌ത്ത് സമരം എന്നിവയ്‌ക്കിടയാക്കിയ ജന്മിമാരുടെ തീരുമാനങ്ങളും കണ്ടെത്താനാകുമെന്ന് കരുതുന്നു. സംരക്ഷിച്ച ഓലകൾ സ്‌കാൻ ചെയ്‌ത് പാടുകളും കറകളും ഒഴിവാക്കി വെള്ളപ്രതലത്തിൽ അക്ഷരങ്ങൾ വേർതിരിച്ച് ഇമേജ് അക്വിസിഷൻ, നോയ്‌സ് റിമൂവൽ, സെഗ്‌മന്റേഷൻ, ക്യാരക്ടർ റെക്കഗ്നിഷൻ, മാപ്പിങ് ഓൾഡ് സ്‌ക്രിപ്റ്റ് ടു ന്യൂ സ്‌ക്രിപ്റ്റ് എന്നീ ഘട്ടങ്ങളിലൂടെ ഡിജിറ്റൽ ഫോർമാറ്റിലാക്കാനുള്ള പദ്ധതിയുമുണ്ട്.
കമ്യൂണിറ്റി ആർക്കൈവ്‌സ്
പുരാരേഖകളുടെ ശേഖരം മികവോടെ സംരക്ഷിക്കാനുള്ള പദ്ധതിയാണ് കമ്യൂണിറ്റി ആര്‍ക്കൈവ്‌സ്. ഇതിലൂടെ സാധാരണക്കാര്‍ക്ക് പുരാരേഖകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിവുപകരാനാകും. പ്രാദേശിക സര്‍വേ നടത്തി കൂടുതല്‍ രേഖ കണ്ടെത്താനും അവ കണ്ടെത്തിയ ഇടത്തുതന്നെ സംരക്ഷിക്കാനും ഉടമസ്ഥര്‍ക്ക് സമ്മതമാണെങ്കില്‍ ഏറ്റെടുത്ത് സംരക്ഷിക്കാനും പദ്ധതിയിലൂടെ കഴിയും.










0 comments