അധിനിവേശ പ്രതിരോധം പലസ്തീന്‍ ജനതയില്‍ മാത്രം ഒതുങ്ങുന്നതല്ല: പലസ്തീൻ സ്ഥാനപതി

തിരുവനന്തപുരം: ഇസ്രയേൽ അധിനിവേശത്തിനെതിരായ പ്രതിരോധം പലസ്തീന്‍ ജനതയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അബ്ദുള്ള അബു ഷാവേഷ്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരളയിലെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് സമാധാനം സൃഷ്ടിക്കാനും ലോകത്തെ നശിപ്പിക്കാനും കഴിയും.
പലസ്തീന്‍ ജനതയുടെ ഭാവി മാധ്യമങ്ങളുടെ കൈയിലാണ്. മാധ്യമവാര്‍ത്തകളിലൂടെയും സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയും പ്രതിരോധം തീര്‍ക്കാനാകണം. പലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സംഘടനതന്നെ പറഞ്ഞതാണ്. ദിവസേന നൂറിലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെടുന്നത്.
പട്ടിണിയും വിശപ്പും വ്യാപകമാണ്. വളര്‍ന്നുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാകണം. തന്റെ കുടുംബത്തില്‍മാത്രം നൂറിലേറെ പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, നിങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നല്ല എത്രപേര്‍ കൊല്ലപ്പെട്ടു എന്നാണ് പലസ്തീനികളോട് ചോദിക്കേണ്ടതെന്നും പറഞ്ഞു.
പലസ്തീന്‍ നേതാവായിരുന്ന യാസര്‍ അറാഫത്തിന്റെ കേരള സന്ദര്‍ശനത്തെക്കുറിച്ചും കേരളത്തിലെ പലസ്തീന്‍ അനുകൂല റാലികളെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. കേരളം പലസ്തീന്റെകൂടെയുണ്ടെന്നും ഇവിടെ വരാനും ആളുകളുമായി സംവദിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായി.









0 comments