print edition പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ; കേന്ദ്രത്തിനെതിരെ മിണ്ടാതെ സംസ്ഥാന സർക്കാർ


സ്വന്തം ലേഖകൻ
Published on Sep 07, 2026, 01:15 AM | 2 min read
തിരുവനന്തപുരം : പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ കേന്ദ്ര നീക്കത്തിൽ കുറ്റകരമായ മൗനം തുടർന്ന് സംസ്ഥാന സർക്കാർ. കേരളത്തെ തകർക്കുന്ന നീക്കത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമോ ജനകീയ പ്രക്ഷോഭങ്ങളോ ഉയർത്താൻ സർക്കാർ തയ്യാറായിട്ടില്ല. കേരളത്തിലെ എംപിമാരുടെ അടിയന്തര യോഗം വിളിക്കാനോ സർവകക്ഷി സംഘത്തെ അയച്ച് റെയിൽവേ മന്ത്രിയെ കണ്ട് ആവശ്യം അറിയിക്കാനോ ഉള്ള താൽപ്പര്യവുമില്ല.
കൂടിയാലോചനയില്ലാതെയും സംസ്ഥാന വികസന താൽപ്പര്യം ഹനിച്ചുമുള്ള നടപടികളെ നിയമപരമായി ചോദ്യംചെയ്യാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ട്. അതൊന്നും ചെയ്യാതെ, കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ നിഷേധിക്കുന്പോഴും സർക്കാർ കൈയുംകെട്ടി നോക്കി നിൽക്കുന്നതിൽ ദുരൂഹതയുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എം പി കത്ത് നൽകിയിരുന്നു. എന്നാൽ, കേരളത്തിലെ യുഡിഎഫ് എംപിമാർ കേന്ദ്ര സർക്കാരിനെതിരെ മിണ്ടിയിട്ടില്ല. കർണാടക ലോബിക്കായാണ് വലിയ വരുമാനവും ചരിത്രവുമുള്ള സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാലക്കാട് ഡിവിഷൻ ഇല്ലാതാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫിന് വേണ്ടി പണമൊഴുക്കിയത് കർണാടക ലോബിയാണ്.
പുതിയ വണ്ടികൾ അനുവദിക്കാതെയും എണ്ണം കുറച്ചും വരുമാനം ഇല്ലാതാക്കിയും പാലക്കാട് ഡിവിഷൻ നിർത്തുന്നതോടെ കേരളത്തിൽ ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങും. 2007 ൽ യുപിഎ സർക്കാർ പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ ആരംഭിച്ചത്. അന്ന് 623 കിലോമീറ്ററാണ് പാലക്കാടിന് നഷ്‌ടമായത്. 2024ൽ പാലക്കാട് ഡിവിഷനെ ദുർബലമാക്കാനുള്ള നീക്കം മാധ്യമങ്ങളിൽ വാർത്തയായതോടെ മന്ത്രിമാരായ വി അബ്ദുറഹിമാൻ, എം ബി രാജേഷ് എന്നിവരും മറ്റ് ജനപ്രതിനിധികളും ഡിവിഷൻ നിലനിർത്താൻ ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ജോൺ ബ്രിട്ടാസ് എംപി പലതവണ റെയിൽവേ മന്ത്രിക്ക് കത്തയച്ചു. യുഡിഎഫ് സർക്കാർ വന്നശേഷം ഒരു മന്ത്രിക്കും സംസ്ഥാന റെയിൽവേയുടെ ചുമതലപോലും നൽകിയിട്ടില്ല.
തൊഴിലവസരങ്ങൾ ഇല്ലാതാക്കും
പാലക്കാട് : പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കുന്നത് തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുമെന്നും നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുമെന്നും ആശങ്ക. നിയമനങ്ങൾ പടിപടിയായി വെട്ടിക്കുറച്ച് കരാർവൽക്കരണവും അപ്രന്റീസുകളെവച്ച് ജോലിചെയ്യിക്കുന്നതും ശക്തമാകും. റെയിൽവേയുടെ എച്ച്‌ആർ വിഭാഗമായ പേഴ്‌സണൽ ബ്രാഞ്ചിലെ തൊഴിൽ അവസരങ്ങൾ ഇല്ലാതാകും.
പാലക്കാട്ടെ ആയിരത്തോളം ജീവനക്കാർ മൈസുരു ഡിവിഷന്റെ ഭാഗമാകും. പാലക്കാട്ടെ ജീവനക്കാരുടെ എണ്ണം കുറഞ്ഞാലും പേഴ്‌സണൽ ബ്രാഞ്ചിൽ ഒഴിവുള്ള തസ്‌തികകളിൽ നിയമനം നടത്തില്ല. കഴിഞ്ഞവർഷം വിരമിച്ചവരുടെ തസ്‌തികയിൽ ഇതുവരെ നിയമനം നടന്നിട്ടില്ല. ചീഫ് ഓഫീസ് സൂപ്രണ്ട്, ഓഫീസ് സൂപ്രണ്ട്, ക്ലർക്കുമാർ എന്നിങ്ങനെയാണ് പേഴ്‌സണൽ ബ്രാഞ്ചിലെ തസ്‌തിക.
പുതിയ ഉദ്യോഗാർഥികളുടെ നിയമന നടപടി, സർവീസ് റെക്കോഡ് പരിശോധന, പ്രൊമോഷൻ, ശമ്പളം, ലീവ് സർട്ടിഫിക്കറ്റ്, അലവൻസ്, ബോണസ്, പെൻഷൻ, ഗ്രാറ്റുവിറ്റി, പിഎഫ്, ജീവനക്കാർക്കും കുടുംബത്തിനുമുള്ള പാസ്, മെഡിക്കൽ കാർഡ്, ക്വാർട്ടേഴ്‌സ് അനുവദിക്കൽ, ആശ്രിത നിയമന നടപടി തുടങ്ങിയവയാണ് പേഴ്‌സണൽ ബ്രാഞ്ചിന്റെ ചുമതലകൾ.









0 comments