print edition പാലക്കാട് റെയിൽ ഡിവിഷന് മരണമണി

വി കെ രഘുപ്രസാദ്
Published on Aug 22, 2026, 01:15 AM | 1 min read
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷന്റെ വികസനം ഇല്ലാതാക്കുംവിധം വീണ്ടും വെട്ടിമുറിച്ച് കേന്ദ്രസർക്കാർ. ഉള്ളാൾ മുതൽ മംഗളൂരു, പനമ്പൂർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിൽ ചേർത്ത് റെയിൽവേ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഉത്തരവിറക്കി. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. നേരത്തെ പാലക്കാടിനെ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി നിഷേധിച്ച കേന്ദ്രസർക്കാരിൽനിന്ന് കേരളത്തിനുള്ള തുടർപ്രഹരമാണിത്. ഇതോടെ പാലക്കാട് ഡിവിഷന്റെ വലിയ വരുമാന സ്രോതസ്സ് അടയും. ചരക്കുനീക്കത്തിൽ 90ശതമാനവും മംഗളൂരുമേഖലയിൽ നിന്നാണ്. 2.75 കോടിയാണ് നിലവിൽ പ്രതിദിന വരുമാനം. നഷ്‌ടത്തിന്റെ പേരിൽ ക്രമേണ പാലക്കാട് ഡിവിഷനെ തഴയാനും ഇത് ഇടയാക്കും. വരുമാനം കുറയുന്നതോടെ പുതിയ ട്രെയിനുകളും പാതകളും നിലയ്‌ക്കും.
ടിക്കറ്റ് വരുമാനത്തിൽ മുന്നിലുള്ള (എ വൺ സ്റ്റാറ്റസ്) മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്‌ഷൻ സ്റ്റേഷനുകൾ മൈസൂർ ഡിവിഷന്റെ ഭാഗമാകും. ന്യൂ മംഗളൂരു പോർട്ട്, മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, ഉഡുപ്പി റിഫൈനറി തുടങ്ങിയ വൻകിട കമ്പനികളിലെ ചരക്കുനീക്കം മംഗളൂരു സ്റ്റേഷനിലൂടെയാണ്. വൻതോതിൽ അയിര്, രാസവളം, രാസവസ്‌തു എന്നിവയുടെ കയറ്റിറക്ക് പനമ്പൂർ ഗുഡ്സ് യാർഡിലാണ്. ചെന്നൈ, തിരുവനന്തപുരം ഭാഗങ്ങളിൽനിന്ന് എത്തുന്ന വണ്ടികളുടെ പ്രധാന പരിശോധനയും അറ്റകുറ്റപ്പണിയും നടത്തുന്ന കോച്ച് ഡിപ്പോയും മംഗളൂരുവിലാണ്.
പാലക്കാട് ഡിവിഷനിൽനിന്ന് കൊങ്കൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവിടങ്ങളിലേക്കുള്ള വണ്ടികളുടെ കൈമാറ്റ കേന്ദ്രങ്ങളായ തോക്കൂർ, പാഡിൽ എന്നിവ മൈസൂർ ഡിവിഷന്റെ കീഴിൽ ആകുമെന്നും ഉത്തരവിലുണ്ട്. ഉള്ളാൾ ആകും പാലക്കാട് ഡിവിഷൻ മൈസൂർ ഡിവിഷനിലേക്ക് വണ്ടികൾ കൈമാറുന്ന കേന്ദ്രം. കൊങ്കൺ റെയിൽവേയുമായി പാലക്കാട് ഡിവിഷനുള്ള ബന്ധം ഇതോടെ മുറിയും. നിലവിൽ മംഗളൂരു തുറമുഖം വഴിയുള്ള ചരക്ക് കടത്തിൽ വലിയ വരുമാനം ദക്ഷിണ റെയിൽവേക്ക് ലഭിച്ചിരുന്നു. ഇത് കർണാടകയിലേക്ക് തന്നെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡിവിഷൻ വെട്ടിമുറിക്കൽ.










0 comments