print edition പാലക്കാട് ഡിവിഷൻ വിഭജനം; പുതിയ കോച്ചുകളും ഉണ്ടാകില്ല

എ ഐ നിർമിത ചിത്രം
പാലക്കാട്: പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരു ഭാഗം മൈസൂരുവിൽ ലയിപ്പിക്കുന്നത് കേരളത്തിലോടുന്ന ട്രെയിനുകളിൽ അഡീഷണൽ കോച്ച് അനുവദിക്കുന്നതിനെയും ബാധിക്കും. ഓണം, ശിവഗിരി തീർഥാടനകാലം, ആലുവ ശിവരാത്രി, ആറ്റുകാൽ പൊങ്കാല തുടങ്ങിയ ഉത്സവ സീസണുകളിൽ യാത്രാദുരിതം ഇരട്ടിയാകും.
സമ്മേളനങ്ങൾ, വിവാഹം എന്നിവയ്‌ക്ക് പ്രത്യേക കോച്ചുകൾ ഏർപ്പെടുത്തി പോകുന്നവരും വെട്ടിലാകും. നിലവിൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ കോച്ചുകൾ അനുവദിക്കാനുള്ള അവകാശം ദക്ഷിണ റെയിൽവേ ആസ്ഥാനമായ ചെന്നൈ ഹെഡ്ക്വാർട്ടേഴ്സിനാണ്.
ഡിവിഷൻ വിഭജനം നടന്നാൽ ഈ അവകാശം സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ ആസ്ഥാനമായ ഹുബ്ലിയിലേക്ക് മാറും. മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വണ്ടിയിൽ കോച്ച് അധികമായി ചേർക്കാൻ സൗത്ത് വെസ്റ്റ് റെയിൽവേയുടെ ആസ്ഥാനമായ ഹുബ്ലിയിൽനിന്നും മൈസൂരുവിൽനിന്നും അനുമതി ലഭ്യമാക്കണം.
ഓരോ ഡിവിഷനും സോണും അവരുടെ കീഴിലുള്ള കാര്യങ്ങൾക്കായിരിക്കും മുൻതൂക്കം നൽകുക. ഇതോടെ പാലക്കാട് ഡിവിഷനിലെ ട്രെയിനുകൾക്ക് അഡീഷണൽ കോച്ച് ലഭ്യമാക്കൽ പ്രതിന്ധിയിലാകും. മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വണ്ടികൾ ഏകദേശം പത്തിൽതാഴെ കിലോമീറ്റർ മാത്രമാണ് മൈസൂർ ഡിവിഷനിൽക്കൂടി ഓടുന്നത്.
അതിനാൽ മംഗളൂരു കേന്ദ്രമാക്കി കേരളത്തിൽ ഓടുന്ന വണ്ടികളുടെ കോച്ചുകൾ എടുത്തുമാറ്റി മൈസൂരു ഡിവിഷനിൽ ഓടുന്ന വണ്ടികളിലേക്ക് മാറ്റാനും ഇടയുണ്ട്. മംഗളൂരുവിൽനിന്ന് പുറപ്പെട്ട് കേരളത്തിലൂടെ ഓടുന്ന നിരവധി ട്രെയിനുകളുണ്ട്. ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ഏറെയും.
ഒരു റൂട്ടിലെ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം വൻതോതിൽ വർധിക്കുമ്പോഴും ജനപ്രതിനിധികൾ, പാസഞ്ചേഴ്‌സ് അസോസിയേഷനുകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്നുള്ള നിവേദനങ്ങൾ, റെയിൽവേ ഡിവിഷണൽ ഓഫീസ് തയ്യാറാക്കുന്ന റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് കോച്ചുകൾ അനുവദിക്കുക. ഉത്സകാലങ്ങളിൽ ഇങ്ങനെയാണ് തിരക്ക് നിയന്ത്രിച്ചിരുന്നത്.









0 comments