print edition പാലക്കാട് ഡിവിഷൻ വിഭജനം; ഡിആർഇയു പ്രക്ഷോഭത്തിലേക്ക്

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷൻ വീണ്ടും വിഭജിച്ച് ജീവനക്കാരുടെയും ഡിവിഷന്റെയും നിലനിൽപ്പ് ഇല്ലാതാക്കുന്ന തീരുമാനങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് ഡിആർഇയു ഡിവിഷണൽ കമ്മിറ്റി അഭ്യർഥിച്ചു. പ്രത്യേക രാഷ്ട്രീയ താൽപ്പര്യംമാത്രം കണക്കിലെടുത്താണ് പാലക്കാട് ഡിവിഷൻ വിഭജനം. റെയിൽവേമന്ത്രാലയത്തിന്റെ "ലൈഫ്‌ലൈൻ ഓഫ് ദ നേഷൻ’ കാഴ്ചപ്പാട് അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനം.
സേലം ഡിവിഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിട്ട കഷ്ട-തകൾ മുന്നിലുണ്ട്. പാലക്കാട് ഡിവിഷന്റെ ചരക്കുഗതാഗതത്തിന്റെ 70 ശതമാനം നേട്ടമുണ്ടാക്കുന്ന മംഗളൂരു മേഖല മുറിച്ചുമാറ്റുന്നത് ഡിവിഷന്റെ നിലനിൽപ്പിനെയും ആയിരത്തോളം ജീവനക്കാരെയും ബാധിക്കും.തസ്തിക കുറയുന്നതോടെ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള അവകാശങ്ങളുമില്ലാതാകും.
മംഗളൂരു മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും താൽപര്യം സംരക്ഷിക്കാൻ ഡിആർഇയു മുൻകൈയെടുക്കും. മംഗളൂരു മേഖലയിൽ ജോലിചെയ്യുന്നതും പാലക്കാട് ഡിവിഷനിൽ ലീൻ നിലനിർത്താൻ ആഗ്രഹിക്കുന്നവരുമായവരുടെ ലീൻ ഉടൻ രജിസ്‌റ്റർചെയ്യുക, ഇവരെ സമയബന്ധിതമായി ട്രാൻസ്‌ഫർചെയ്യുക, മംഗളൂരുവിൽനിന്ന് അപേക്ഷിച്ചവരുടെ ട്രാൻസ്‌ഫർ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചുവെന്ന് ഉറപ്പുവരുത്തുക, സ്ഥലംമാറ്റ ഉത്തരവുകൾ ലഭിച്ചവരെ അടിയന്തരമായി റിലീവ്‌ചെയ്യുക, പാലക്കാട് ഡവിഷനിലേക്ക് ട്രാൻസ്‌ഫർ /ലീൻ രജിസ്‌ട്രേഷൻ ഉള്ള ജീവനക്കാരെ മംഗളൂരുവിൽനിന്ന് പുതുതായി ചേർക്കപ്പെടുന്ന മൈസൂരുവിനു കീഴിലുള്ള മറ്റ് സ്‌റ്റേഷനുകളിലേക്ക് ട്രാൻസ്‌ഫർചെയ്യാതിരിക്കുക, വരുമാന നഷ്ടത്തിൽ പ്രതിസന്ധിയിലാകുന്ന പാലക്കാട് ഡിവിഷന് പ്രത്യേക പാക്കേജ് അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
പ്രക്ഷോഭത്തിൽ അണിചേരണമെന്ന് മുഴുവൻ ജീവനക്കാരോടും ഡിവിഷണൽ സെക്രട്ടറി വി സുജിത് അഭ്യർഥിച്ചു.










0 comments