ഇഎസ്എ കരട് വിജ്ഞാപനം
പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിൽ ഇന്ന് സംയുക്ത കിസാൻ മോർച്ച ഹർത്താൽ

പാലക്കാട് : പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ജില്ലയിലെ 13 വില്ലേജുകളിൽ സംയുക്ത കിസാൻ മോർച്ചയുടെ ഹർത്താൽ. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടപ്പാടി താലൂക്കിലെ അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, ചിറ്റൂർ താലൂക്കിലെ മുതലമട –1, നെല്ലിയാമ്പതി, മണ്ണാർക്കാട് താലൂക്കിലെ പാലക്കയം, പാലക്കാട് താലൂക്കിലെ മലമ്പുഴ –1, പുതുശേരി ഇൗസ്‌റ്റ്, പുതുപ്പരിയാരം, ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി–1 വില്ലേജുകളിലാണ് ഹർത്താൽ.
ഇഎസ്എ പുതിയ വിജ്ഞാപനപ്രകാരം പാലക്കാട് ജില്ലയിലെ 13 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. അട്ടപ്പാടിയും നെല്ലിയാമ്പതിയും പൂർണമായും ഉൾപ്പെട്ടിട്ടുണ്ട്. ഇഎസ്എയുടെ അന്തിമ വിജ്ഞാപനം നിലവിൽ വരുന്നതോടെ കൃഷി, ചെറുകിട സംരംഭങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്തംഭിക്കും. ഇതിനെതിരെയാണ് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്.
ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കി വനമേഖല മാത്രം സംരക്ഷിക്കുന്ന തരത്തിൽ പരിസ്ഥിതി ലോല മേഖല തിരിക്കുന്നതിന് ശാസ്ത്രീയമായ പഠനവും തിരുത്തലുകളും നടത്തണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. ഇഎസ്‌എ മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി ജൂലൈ 26ന് കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോൾ കേരളം ഉയർത്തിയ ആശങ്കകൾ പരിഗണിച്ചില്ല.
ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വനം മാത്രം സംരക്ഷിക്കാനുള്ള പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറായില്ല. വനം – വന്യജീവി നിയമത്തിന്റെ ദുരിതങ്ങൾ ജനം അനുഭവിക്കുകയാണ്. നിയമസഭ പാസാക്കിയ ഭേദഗതി ബിൽ കേന്ദ്രം തിരസ്‌കരിച്ചു. ഇഎസ്‌എ അന്തിമ വിജ്ഞാപനം വരുന്നതോടെ കർശന നിബന്ധനകൾ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കൃഷി, ചെറുകിട സംരംഭങ്ങൾ, നിർമാണ പ്രവൃത്തി എന്നിവയെയും ബാധിക്കും.
2012ൽ ഒപ്പിട്ട യുനെസ്‌കോ കരാറിന്റെ ഭാഗമായി വനം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് പാലിക്കാനായി ജനത്തെ ബലികൊടുക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. യുഡിഎഫ് സർക്കാർ മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരാത്തത് കർഷക ദ്രോഹമാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.









0 comments