പാലക്കാട് ഡിവിഷന്റെ മെമു തമിഴ്നാടിന്; കേരളത്തിന് അവഗണനയുടെ ട്രാക്ക്

നിലമ്പൂർ: കേരളത്തിലെ യാത്രക്കാർക്ക് കൂടുതൽ തീവണ്ടി സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിപാലനത്തിലുള്ള മെമു തമിഴ്നാട്ടിൽ മാത്രം ഓടിച്ച് റെയിൽവേ. പാലക്കാട് കാർഷെഡിന്റെ പരിപാലനച്ചുമതലയിലുള്ള എട്ട് കോച്ചുകളുള്ള മെമുവാണ് കോയമ്പത്തൂർ–ദിണ്ടിഗൽ റൂട്ടിൽ മാത്രം സർവീസ് നടത്തുന്നത്. കേരളത്തിന്റെ ഡിവിഷനിൽ പരിപാലനം, തമിഴ്നാട്ടിൽ സർവീസ്. കേരളത്തിലെ യാത്രക്കാർക്ക് പ്രയോജനമില്ല. സ്വന്തം ഡിവിഷന്റെ യാത്രാ ആവശ്യങ്ങൾക്കുപോലും പരിഗണന നൽകാത്ത റെയിൽവേയുടെ സമീപനം കേരളത്തിന് തിരിച്ചടിയാകുന്നു.
നവംബർ ആറിനും ഏഴിനും പ്രത്യേക സർവീസായി 06169, 06170 നമ്പറുകളിലാണ് മെമു ഓടിക്കുന്നത്. 06169 കോയമ്പത്തൂരിൽനിന്ന് രാവിലെ 9.35ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10ന് ദിണ്ടിഗലിലെത്തും. 06170 ദിണ്ടിഗലിൽനിന്ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് വൈകിട്ട് 5.50ന് കോയമ്പത്തൂരിലെത്തും. പോത്തന്നൂർ, കിണത്തുക്കടവ്, പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി, ഒട്ടൻചത്രം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. പാലക്കാട് ഡിവിഷന്റെ പരിപാലനത്തിലുള്ള മെമു ഉപയോഗിച്ച് കേരളത്തിൽ സർവീസ് നടത്താനുള്ള സാധ്യത പരിഗണിക്കാതെ തമിഴ്നാട്ടിൽ മാത്രം സർവീസ് ക്രമീകരിച്ചിരിക്കുകയാണ്.
പോത്തന്നൂരിൽ മണിക്കൂറുകളോളം ഇടവേളയുള്ള തീവണ്ടികളുടെ സമയക്രമവും റെയിൽവേയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നു. ചെന്നൈ സെൻട്രൽ–പോത്തന്നൂർ പ്രത്യേക തീവണ്ടി (06027) പുലർച്ചെ മൂന്നിന് പോത്തന്നൂരിലെത്തുമ്പോൾ പോത്തന്നൂർ–ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി (06028) രാവിലെ 7.40നാണ് പുറപ്പെടുന്നത്. ഈ രണ്ട് സർവീസുകൾക്കിടയിൽ 4 മണിക്കൂർ 40 മിനിറ്റ് ഇടവേളയുണ്ട്. ഈ ഇടവേളയിലെ റേക്ക് വിനിയോഗം പരിശോധിച്ച് പാലക്കാട് ഭാഗത്തേക്ക് സർവീസ് നീട്ടാനുള്ള സാധ്യത പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നു.
പാലക്കാട് ടൗണിൽ ദീർഘനേരം ഇടവേളയുള്ള തീവണ്ടികളും കേരളത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുത്തണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണ്. തിരുച്ചിറപ്പള്ളി–പാലക്കാട് ടൗൺ എക്സ്പ്രസ് (16843/16844) നിലമ്പൂരിലേക്ക് നീട്ടിയാൽ പുലർച്ചെ നിലമ്പൂരിൽനിന്ന് പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ഭാഗങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കാനാകും. ചെന്നൈ–പാലക്കാട് സൂപ്പർഫാസ്റ്റ് (22651/22652) നിലമ്പൂരിലേക്ക് നീട്ടിയാൽ പകൽ സമയത്തെ സർവീസ് ഇടവേള കുറയ്ക്കാനും കഴിയും. പാലക്കാട്–നിലമ്പൂർ പാസഞ്ചർ ദിണ്ടിഗൽ വരെ നീട്ടണമെന്ന നിർദേശവും പരിഗണിക്കപ്പെടുന്നില്ല.
ഒരു വശത്ത് കേരളത്തിലെ യാത്രക്കാർക്ക് ആവശ്യമായ സർവീസുകൾ അനുവദിക്കുന്നതിൽ വീഴ്ച; മറുവശത്ത് കേരളത്തിലെ ഡിവിഷന്റെ പരിപാലനത്തിലുള്ള മെമു തമിഴ്നാട്ടിൽ മാത്രം ഓടിക്കുന്നു. പോത്തന്നൂരിലും പാലക്കാട്ടും ലഭ്യമായ റേക്ക് വിനിയോഗസാധ്യതകൾ പരിശോധിച്ച് കേരളത്തിലേക്ക് സർവീസുകൾ നീട്ടുന്നതിന് പകരം നിലവിലെ ക്രമീകരണം തുടരുകയാണ്. പാലക്കാട് ഡിവിഷന്റെ കീഴിലുള്ള യാത്രക്കാർക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ എവിടെയെന്ന ചോദ്യത്തിന് റെയിൽവേ മറുപടി പറയണം. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ തുടരുന്ന ഈ സർവീസ് ക്രമീകരണം യാത്രക്കാർക്ക് അധിക ഭാരവും സംസ്ഥാനത്തിന് യാത്രാസൗകര്യ നഷ്ടവുമാണ് സൃഷ്ടിക്കുന്നത്.









0 comments