പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിനും
മരണമണി


സ്വന്തം ലേഖകൻ
Published on Nov 06, 2026, 12:26 AM | 1 min read
പൊന്നാനി
തിരൂർ ഡിവിഷനുകീഴിലെ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസും നിർത്തലാക്കാൻ നീക്കം. ഒരു ഡിവിഷനുകീഴിൽ ഒരു ഹെഡ് ഓഫീസ് മതിയെന്നാണ് നിർദേശം. ഇത് സംബന്ധിച്ച പ്രഥമിക പ്രവർത്തനങ്ങൾക്ക് ഡയറക്ടറേറ്റ് നിർദേശം നൽകിക്കഴിഞ്ഞു. തീരുമാനം പ്രാബല്യത്തിലായാൽ പൊന്നാനി ചന്തപ്പടിയിലെ ഹെഡ് പോസ്റ്റ് ഓഫീസ് സബ് ഓഫീസായി മാറും.
നഗരപരിധിയിലെ ഗ്രാമീണ പോസ്റ്റ് ഓഫീസുകളായ കടവനാട്, ഈശ്വരമംഗലം, ബിയ്യം എന്നിവിടങ്ങളിലെ മൂന്ന് സബ് ഓഫീസുകൾ ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചന്തപ്പടി ഹെഡ് പോസ്റ്റ് ഓഫീസും നിർത്തലാക്കാൻ ശ്രമം നടക്കുന്നത്. ജില്ലയിൽ മഞ്ചേരി, തിരൂർ എന്നീ രണ്ട് ഡിവിഷനുകളാണുള്ളത്. ഡിവിഷനുകീഴിൽ ഒരു ഹെഡ് പോസ്റ്റ് ഓഫീസ് എന്ന നില വന്നാൽ ചന്തപ്പടിയും മഞ്ചേരിയും സബ് ഓഫീസായി മാറും. മഞ്ചേരിയും തിരൂരും ലയിപ്പിച്ച് മലപ്പുറം കേന്ദ്രീകരിച്ച് ഒരു ഡിവിഷൻ ഓഫീസ് മാത്രമാക്കാനുള്ള ശ്രമം ആദ്യഘട്ടത്തിൽ നടന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഗ്രാമീണ തപാലാപ്പീസുകൾ നിർത്തലാക്കുകയും ചന്തപ്പടി ഹെഡ് പോസ്റ്റ് ഓഫീസ് സബ് ഓഫീസായി തരം താഴ്ത്തുകയും ചെയ്താൽ ജീവനക്കാരുടെ എണ്ണം കുറയുകയും സേവനങ്ങൾ പരിമിതപ്പെടുകയും ചെയ്യും. പാർസൽ മേഖലയിൽ കൂടുതൽ സ്വകാര്യവൽക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്. സ്വന്തമായി സ്ഥലമുണ്ടായിട്ടും ഹെഡ് പോസ്റ്റ് ഓഫീസ് പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
അനങ്ങാതെ എംപിയും സർക്കാരും
തിരൂർ ഡിവിഷനുകീഴിലെ ചന്തപ്പടി ഹെഡ് പോസ്റ്റ് ഓഫീസ് നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുമ്പോഴും പൊന്നാനി എംപി ഇതൊന്നും അറിഞ്ഞമട്ടില്ല. തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദംചെലുത്താനോ പ്രതിഷേധം തീർക്കാനോ എംപിയോ എംഎൽഎയോ ഇടപെടാത്തത് വഞ്ചനയാണെന്നാണ് നാട്ടുകാർ പറയുന്നത്.








0 comments