പഞ്ചായത്ത് റോഡിലെ മണ്ണ് കടത്ത്
എൽഡിഎഫ് പ്രതിഷേധ മാർച്ചും ധർണയും നടത്തി

എൽഡിഎഫ് ആളൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും സിപിഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
ആളൂർ
പഞ്ചായത്തിന്റെ അനുമതിയില്ലാതെ റോഡിലെ മണ്ണെടുത്ത് 12-ാം വാർഡ് കോൺഗ്രസ് അംഗം ജോസ് കെ പയ്യപ്പിള്ളിയുടെ സ്വകാര്യ പറമ്പിൽ നിക്ഷേപിച്ചെന്ന പരാതി അസിസ്റ്റന്റ് എൻജിനിയറുടെ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ആളൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അസി. എൻജിനിയർ നടത്തിയ പരിശോധനയിൽ റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് സ്വകാര്യ പറമ്പിലും ജലാശയത്തിലും നിക്ഷേപിച്ചതായി സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചിട്ടും വാർഡ് അംഗത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ ഒത്തുകളിയാണെന്ന് എൽഡിഎഫ് ആരോപിച്ചു. പ്രതിഷേധ മാർച്ച് സിപിഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ എം ബി ലത്തീഫ് അധ്യക്ഷനായി. യു കെ പ്രഭാകരൻ, ടി സി അർജുനൻ, കെ ആർ ജോജോ, ഐ എൻ ബാബു, എം സി സന്ദീപ്, യു എസ് ശശിധരൻ, എ ആർ ഡേവീസ്, അഡ്വ. പാപ്പച്ചൻ വാഴപ്പള്ളി, രതി സുരേഷ് എന്നിവർ സംസാരിച്ചു.








0 comments