print edition ഒറ്റ വികാരം, പോർച്ചുഗൽ

2016ലെ യൂറോ കപ്പ് ജയത്തിനുശേഷം
പോർച്ചുഗൽ ജനതയ്‌ക്ക്,
ഏഴാം നമ്പർ കുപ്പായവും ക്യാപ്‌റ്റൻ ബാൻഡും തിരികെ ഏൽപ്പിക്കാനുള്ള ദിവസമെത്തിയിരിക്കുന്നു. ഒരിക്കലും ഇത് എന്റേത് മാത്രമാണെന്ന് കരുതിയിട്ടില്ല. ലോകമെമ്പാടുമുള്ള സ്‌റ്റേഡിയങ്ങളിൽ ഇതണിഞ്ഞ് നിൽക്കുമ്പോൾ അഭിമാനം തോന്നിയിട്ടുണ്ട്. ഭാവിതലമുറയ്‌ക്ക് അത് കൈമാറാൻ സമയമായി. എളുപ്പമുള്ള തീരുമാനമല്ല. ഹൃദയം കൊണ്ടാണ് ചില തീരുമാനങ്ങൾ എടുക്കുക. 2003 ആഗസ്‌തിൽ തുടങ്ങിയ ജീവിതം മാറ്റിമറിച്ച യാത്ര അവസാനിപ്പിക്കുന്നു. 23 വർഷത്തെ ജീവിതം പരിശോധിക്കുമ്പോൾ മത്സരങ്ങളോ റെക്കോഡുകളോ ട്രോഫികളോ കാണുന്നില്ല. നിങ്ങളെയാണ് കാണുന്നത്, ഓരോ 90 മിനിറ്റിലും.
പോർച്ചുഗൽ ജനതയുമായി അത്രയുമടുത്തു. നേരിൽ കാണാത്ത എത്രയോപേർ ജീവിതത്തിന്റെ ഭാഗമായി. ദേശീയ ടീമിനായി കളിച്ച ഓരോ നിമിഷവും മികച്ചതാകാൻ കഠിനാധ്വാനം ചെയ്‌തു. വിജയം നേടാൻ, മികച്ചവനാകാൻ, ചരിത്രം കുറിക്കാൻ ശ്രമിച്ചു. എന്നും കൂടുതൽ കൂടുതൽ ആഗ്രഹിച്ചു. മറക്കാനാകാത്ത വിജയങ്ങളും തോൽവികളുമുണ്ടായി. തോറ്റിട്ടുണ്ട്. പതറിയിട്ടുണ്ട്. നിങ്ങൾ ആവശ്യപ്പെട്ടത് എന്നും നൽകാനായിട്ടില്ല. പക്ഷേ ഒരിക്കൽപോലും ഞാൻ ഒന്നും വിട്ടുകൊടുത്തിട്ടില്ല. ലക്ഷ്യത്തിൽനിന്ന് പിന്തിരിഞ്ഞിട്ടില്ല. എന്റെ ഗോളുകൾ നിങ്ങളെ ആനന്ദിപ്പിച്ചെങ്കിൽ, ദുഖം മാറ്റിയെങ്കിൽ, മറ്റൊരാളെ പുണരാൻ പ്രേരിപ്പിച്ചെങ്കിൽ അതിനേക്കാൾ മൂല്യമുള്ളതായി ഒന്നുമില്ല.
പോർച്ചുഗലിനായി പുതിയ താരങ്ങൾ ഉയർന്നുവരട്ടെ. സഹതാരങ്ങൾ, പരിശീലകർ, ഡോക്ടർമാർ, ഫിസിയോകൾ, കിറ്റ് മാനേജർമാർ..ചിത്രത്തിൽ കാണാത്ത ഒരുപാടാളുകൾ എന്നെ സഹായിച്ചിട്ടുണ്ട്. അവരുടെ പിന്തുണയിലാണ് ഇന്നിവിടെ എത്തിയത്. എല്ലാവർക്കും നന്ദി. ഇവിടെ ക്ലബുകളില്ല, വർഗമില്ല, നിറങ്ങളില്ല..ഒരേയൊരു വികാരം–പോർച്ചുഗൽ.








0 comments