ad
Deshabhimani

print edition പാലക്കാട്‌ ഡിവിഷന്‌ മരണമണി; മിണ്ടാട്ടമില്ലാതെ കെ റെയിൽ വിരുദ്ധർ

Palakkad Division
avatar
വിനോദ്‌ പായം

Published on Aug 26, 2026, 01:31 AM | 2 min read

കണ്ണൂർ: മംഗളൂരു മേഖലയെ വെട്ടിമാറ്റി റെയിൽവേ പാലക്കാട്‌ ഡിവിഷന്‌ മരണമണി മുഴക്കുന്പോൾ, ട്രെയിൻ ഗതാഗതരംഗത്ത്‌ വൻ കുതിച്ചുചാട്ടമാകുമായിരുന്ന സിൽവർ ലൈനിനെ എതിർത്തവർക്ക്‌ മിണ്ടാട്ടമില്ല. വളവ്‌ നികത്തുന്നു, മൂന്നും നാലും പാത വരുന്നു, സിഗ്നലിങ്‌ ശക്തമാക്കുന്നു, ഇഷ്ടംപോലെ വന്ദേഭാരത്‌ ട്രെയിൻ എന്നിങ്ങനെയായിരുന്നു സിൽവർലൈൻ വിരുദ്ധരുടെ പ്രചാരണം. അതിവേഗ പാത കേരളത്തിന്‌ വേണ്ടെന്നായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും വാദം.


മംഗളൂരു വെട്ടിമാറ്റിയതോടെ ആകെയുള്ള രണ്ട്‌ വന്ദേഭാരതിന്റെ ഉടമസ്ഥതയും പാലക്കാട്‌ ഡിവിഷന്‌ നഷ്ടമായി. ടെർമിനൽ‍, പിറ്റ്‌ലൈൻ സ‍ൗകര്യവും ഇല്ലാതായതോടെ പുതിയ ട്രെയിൻ പ്രഖ്യാപിക്കാനും പാലക്കാട്‌ ഡിവിഷന്‌ പറ്റാതെയായി. ട്രാക്കിൽ 75 ശതമാനത്തിലധികം ഉപയോഗം ഉണ്ടെങ്കിൽ അവിടെ പുതിയ ട്രാക്ക് പണിയുന്ന കാര്യം പരിഗണിക്കണമെന്നാണ്‌ റെയിൽവേ ചട്ടം. 80 ശതമാനത്തിൽ കൂടുതൽ ട്രാക്ക് ഉപയോഗിച്ചാൽ അറ്റകുറ്റപ്പണിക്ക്‌ അനുവദിച്ചതിൽനിന്ന്‌ 20 ശതമാനം തുകയെടുത്ത് ട്രെയിൻ ഓടിക്കണം. 2000 മുതൽ ഷെർണൂർ– എറണാകുളം ലൈനിൽ ട്രാക്ക് ഉപയോഗം 75 ശതമാനത്തിലധികമാണ്.


നിലവിൽ കേരളത്തിൽ 90 മുതൽ 165 ശതമാനം വരെയാണ്‌ ട്രാക്ക്‌ ഉപയോഗം. പുതിയ പാതയോ സംവിധാനമോ ഇല്ലാതെ കേരളത്തിലെ റെയിൽ ഗതാഗതം മുന്നോട്ടുപോകില്ല. ഇക്കാര്യം എല്ലാ എംപിമാർക്കും രാഷ്ട്രീയപാർടികൾക്കും അറിയാം. സങ്കുചിത രാഷ്ട്രീയലക്ഷ്യംവച്ച്‌ ബിജെപി കേരളത്തിന്റെ റെയിൽ സ‍ൗകര്യം വെട്ടിക്കുറയ്‌ക്കുന്പോൾ യുഡിഎഫ്‌ അതിന്‌ കൈയടിക്കുകയായിരുന്നു. പാലക്കാട്‌ ഡിവിഷനിൽനിന്ന്‌ മംഗളൂരുവിനെ വെട്ടിമാറ്റാൻ കർണാടകത്തിൽ കോൺഗ്രസും ബിജെപിയും ഒന്നിച്ചു. പാലക്കാട്‌ ഡിവിഷന്റെ വികസനത്തിന്‌ കേരള എംപിമാർ ശ്രദ്ധിക്കാത്തത്‌ മംഗളൂരു മേഖലയ്‌ക്ക്‌ ദോഷമായെന്നാണ്‌ വെട്ടിമുറിക്കലിനെ ന്യായീകരിക്കാൻ റെയിൽ സഹമന്ത്രി വി സോമണ്ണയും മംഗളൂരു എംപി ബ്രിജേഷ്‌ ച‍ൗട്ടയും പറയുന്നത്‌.


​സ‍ൗകര്യമൊരുക്കാൻ 
കോടികൾ വേണം


​ ഒറ്റരൂപയുടെ ലാഭമില്ലാഞ്ഞിട്ടും മംഗളൂരുവിനെ പാലക്കാട്‌ ഡിവിഷനിൽനിന്ന്‌ വേർപെടുത്തുന്നതിന്‌ പിന്നിൽ കൃത്യമായ രാഷ്ട്രീയമാണുള്ളത്‌. സോണും ഡിവിഷനും വർധിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്‌താൽ ഉയർന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടും. ഇവർക്കായി പ്രത്യേക ഓഫീസ് കെട്ടിടങ്ങളും വാഹനങ്ങളും വേണം. ദൈനംദിന ചിലവിൽ തന്നെ റെയിൽവേക്ക്‌ കോടികളുടെ ബാധ്യതയാണുണ്ടാകുന്നതെങ്കിലും രാഷ്ട്രീയ നേത്വത്തിന്റെ ഇംഗിതം നടപ്പാക്കുകയാണ്‌ റെയിൽവേ ബോർഡ്‌ ചെയ്യുക.


രണ്ടായിരത്തിൽ സോണുകൾ 16 ആയും പിന്നീട്‌ 18 ആയും വർധിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം എണ്ണായിരത്തിൽനിന്ന്‌ ഇരുപതിനായിരത്തിലധികമായി. 50-60 ജീവനക്കാർക്ക് ഒരു ഗസറ്റഡ് ഓഫീസർ എന്നാണ്‌ കണക്ക്‌. അതേസമയം സാധാരണ ജീവനക്കാരുടെ എണ്ണം 16.5 ലക്ഷത്തിൽനിന്ന് 12.5 ലക്ഷമായി കുറഞ്ഞു. നിലവിൽ 2.25 ലക്ഷം ഒഴിവുണ്ട്‌. സാങ്കേതിക കാര്യങ്ങളിൽ വന്പൻ കുതിച്ചു ചാട്ടമുണ്ടായപ്പോഴും സാങ്കേതിക ഓഫീസർമാരുടെ എണ്ണം കൂടുന്ന പ്രവണത റെയിൽവേയിൽ മാത്രമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home