print edition പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ; തൊഴിലാളികൾ വലയും


വിനോദ് പായം
Published on Aug 25, 2026, 01:30 AM | 2 min read
കണ്ണൂർ: റെയിൽവേ പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരു ഭാഗം വെട്ടിമുറിച്ച് സൗത്ത് വെസ്‌റ്റ് സോണിലെ മൈസൂരു ഡിവിഷനിലേക്ക് ചേർത്തതോടെ പ്രതിസന്ധിയിലാകുന്നത് 1200ൽ അധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലക്കാരാണ് ഇതിൽ 90ശതമാനവും. ഡിവിഷൻ മാറ്റത്തോടെ തൊഴിലാളികളുടെ എച്ച്‌ആർ കാര്യങ്ങളെല്ലാം പാലക്കാടുനിന്ന് മൈസൂരുവിലേക്ക് മാറും. കർണാടകയിൽ വ്യാപിച്ചുകിടക്കുന്ന മൈസൂരു ഡിവിഷനിലാകെ ജോലിചെയ്യേണ്ട സാഹചര്യവുമുണ്ടാകും. തൊഴിലാളി സംഘടനയിൽ പ്രവർത്തിക്കുന്നവരെ നോട്ടമിട്ട് വിദൂര സ്ഥലത്തേക്ക് മാറ്റുന്ന അവസ്ഥയുമുണ്ടാകും.
ഹുബ്ബള്ളിക്കടുത്ത കർജരി, ബല്ലാരിക്കടുത്ത റായ്ദുർഗ, ഹോസ്‌പേട്ടിനടുത്ത് ഹർപ്പനഹള്ളി വരെ കർണാടകയിൽ വ്യാപിച്ചുകിടക്കുന്നതാണ് മൈസൂരു ഡിവിഷൻ. അകലേക്കുള്ള സ്ഥലംമാറ്റം, കുടുംബം കേരളത്തിലുള്ള തൊഴിലാളികളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. 2006-ൽ സേലം ഡിവിഷൻ രൂപീകരിച്ചപ്പോഴും മലയാളി ജീവനക്കാർക്ക് കോയമ്പത്തൂർ, ഇറോഡ്, സേലം തുടങ്ങിയ മേഖലകളിലേക്ക് ജീവിതം പറിച്ചുനടേണ്ടിവന്നു.
പാലക്കാട് ക്ഷയിക്കും
ഡിവിഷനിൽ കിട്ടുന്ന വരുമാനത്തിന്റെ വിഹിതത്തിനനുസരിച്ചാണ് റെയിൽവേ വികസന പദ്ധതികൾ വരുന്നത്. ഓരോ ട്രെയിനും കിട്ടുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം അതത് ഡിവിഷനുകൾക്ക് നൽകുകയാണ് ചെയ്യുന്നത്. മംഗളൂരു വെട്ടിമാറ്റുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ 65 ശതമാനത്തിന്റെ കുറവുണ്ടാകും.
സർവീസ് തുടങ്ങുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ ഡിവിഷനാണ് ട്രെയിനിന്റെ രക്ഷാധികാരി സ്ഥാനം. വരുമാനത്തിന്റെ കൂടുതൽ വിഹിതം ഇവർക്കാണ്. നിർത്തിയിടുന്നതും രണ്ടാംഘട്ട അറ്റകുറ്റപ്പണി നടത്തുന്നതുമായ ഡിവിഷന് വരുമാനത്തിന്റെ പത്തുശതമാനം വരെ കിട്ടും. ബാക്കി തുക ട്രെയിൻ ഓടുന്ന ട്രാക്കിന്റെ നീളത്തിന് ആനുപാതികമായി അതത് ഡിവിഷനുകൾക്കും നൽകും.
പാലക്കാട് ഡിവിഷനിൽ വടക്കോട്ട് ടെർമിനൽ സൗകര്യമുള്ള ഏക സ്‌റ്റേഷനായ മംഗളൂരുവിൽ 21 ട്രെയിൻ പുറപ്പെടുകയും എത്തുകയും ചെയ്യുന്നുണ്ട്. ഈ വരുമാനം പൂർണമായും കേരളത്തിന് ഇല്ലാതാകും. പാലക്കാട് ഡിവിഷനിലെ 90 ശതമാനം ചരക്കും പുറപ്പെടുന്ന പനമ്പൂർ മേഖലയിലെ നഷ്ടം കൂടാതെയാണിത്. ട്രെയിൻ പുറപ്പെടുന്ന ഡിവിഷനിലാണ് എമർജൻസി ടിക്കറ്റ് പരിഗണിക്കുന്നത്. ഈ അധികാരവും പാലക്കാട് ഡിവിഷന് നഷ്ട മാകും. വരുമാനമനുസരിച്ചാകണം റെയിൽ വികസനവും പുതിയ ട്രെയിനും സ്റ്റോപ്പും എന്ന് നിതി ആയോഗ് നിർദേശമുണ്ട്. ഇതുസംബന്ധിച്ച് പഠിച്ച ദിബുറോയി കമ്മിറ്റി റിപ്പോർട്ടിൽ, നഷ്ടത്തിലുള്ള ട്രെയിനുകൾ ഓടിക്കണമെങ്കിൽ അതത് സംസ്ഥാനങ്ങൾ നഷ്ടം നികത്തണമെന്നും പറയുന്നു.










0 comments