print edition പാലക്കാട് ആഹ്ലാദപ്രകടനം അക്രമാസക്തം; സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ യുഡിഎഫ്, പൊലീസ് ആക്രമണം

യുഡിഎഫ് പാലക്കാട് നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കുപ്പികളും കല്ലും എറിഞ്ഞപ്പോൾ
പാലക്കാട്: തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് യുഡിഎഫ് അക്രമിച്ചു. അക്രമികളെ തടയാൻ തയ്യാറാകാതെ പൊലീസ് പാർടി ഓഫീസിൽ കയറി എൽഡിഎഫ് പ്രവർത്തകരെ ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കേറ്റ പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കൾ വൈകിട്ട് 6.30നായിരുന്ന സംഭവം. വിക്‌ടോറിയ കോളേജിന് സമീപത്തുനിന്ന് തുടങ്ങിയ യുഡിഎഫ് ആഹ്ലാദ പ്രകടനം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയപ്പോൾ അക്രമാസക്തമായി. ഇവർ ഏറെനേരം ഓഫീസിനുമുന്നിൽ കൂട്ടംകൂടിനിന്നു. പിന്നീട് മുന്നോട്ടു നീങ്ങിയ സംഘം തിരിച്ചെത്തി ഓഫീസിലേക്ക് പടക്കവും കല്ലും സോഡാക്കുപ്പിയും എറിഞ്ഞു.
ഇവരെ തടയാൻ പൊലീസ് തയ്യാറായില്ല. ഇത് എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്‌തു. ഇതോടെ പൊലീസ് പാർടി ഓഫീസിൽ ഇരച്ചുകയറി പ്രവർത്തകരെ മർദിക്കുകയായിരുന്നു. അമ്പതോളം വരുന്ന പൊലീസുകാരാണ് ഓഫീസ് മുറ്റത്ത് അക്രമണം നടത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് അതിക്രമം നടത്തിയ വിവരമറിഞ്ഞ് പാർടി നേതാക്കളും പ്രവർത്തകരും ഓഫീസിലെത്തി.










0 comments