പാലായിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണപരാതി; "ചെയർപേഴ്സന്റെ വാച്ചും ഫയലും മോഷ്ടിച്ചു"

ദിയ പുളിക്കകണ്ടം (ഇടത്), ബിജു മാത്യുവിനെതിരെ നൽകിയ പരാതി (വലത്)
പാലാ: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണപരാതിയുമായി യുഡിഎഫ് പിന്തുണയ്ക്കുന്ന ചെയർപേഴ്സൻ ദിയ ബിനു പുളിക്കക്കണ്ടം. നഗരസഭാ ഓഫീസിലെ ഔദ്യോഗിക മുറിയിൽനിന്നും തന്റെ വാച്ചും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഫയലും കൗൺസിലറായ ബിജു മാത്യൂസ് മോഷ്ടിച്ചു എന്നാണ് ദിയ പാലാ ഡിവൈഎസ്പിക്ക് നൽകിയ പരാതി. യുഡിഎഫ് പാർലമെന്ററി പാർടി യോഗത്തിൽവെച്ച് സ്വതന്ത്ര കൂട്ടായ്മയുടെ നേതാവായ ബിനു പുളിക്കകണ്ടം തന്നെ കൈയേറ്റം ചെയ്തതിനെതിരെ ബിജു മാത്യുസ് നൽകിയ പരാതിയിൽ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിനെതിരെ ബിനുവിന്റെ മകൾ കൂടിയായ ദിയ പരാതി നൽകിയിരിക്കുന്നത്.
ഓഫീസ് സെക്രട്ടറിയോ തന്നെയെയോ അറിയിക്കാതെ ബിജു ഓഫീസിൽ കയറുകയായിരുന്നുവെന്ന് ദിയ പറഞ്ഞു. വിവരം അറിഞ്ഞ് ഓഫീസിൽ എത്തി പരിശോധിച്ചപ്പോഴാണ് വിലപിടിപ്പുള്ള വാച്ചും രേഖകൾ അടങ്ങിയ ഫയലും ദുരൂഹമായി നഷ്ടപ്പെട്ടതായി മനസ്സിലായത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉടൻ നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നൽകിയ പരാതിയിൽ ചെയർപേഴ്സൻ ആവശ്യപ്പെട്ടു.
നഗരസഭാ ഭരണസമിതിക്കുള്ളിലെ ഭിന്നതകൾ കൂടുതൽ ശക്തമാകുന്നതിൻ്റെ സൂചനകളാണ് പുറത്തുവരുന്നത്. ഭരണസമിതിയുടെ "ടീം യുഡിഎഫ്" എന്ന വാട്‌സപ്പ് ഗ്രൂപ്പിൽ നിന്നും ചെയർപേഴ്സണും സ്വതന്ത്ര കൂട്ടായ്മയിലെ മറ്റ് രണ്ട് അംഗങ്ങളും കഴിഞ്ഞദിവസം ഇറങ്ങിപ്പോന്നിരുന്നു. "ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി" എന്ന സന്ദേശം ഗ്രൂപ്പിൽ ചെയർപേഴ്സൺ ദിയ ബിനു അയച്ച ശേഷമാണ് സ്വതന്ത്ര കൂട്ടായ്‌മ അംഗങ്ങൾ ലെഫ്റ്റായത്. ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും മാണി സി കാപ്പന്റെ കെഡിപിയിലെ ഒരു കൗൺസിലറും ഉൾപ്പെടെ ഏഴ് പേർ ഒരു ബ്ലോക്കായി ഇരിക്കാനാണ് നീക്കം.
നഗരസഭയിൽ വൈസ് ചെയർമാന്റെ തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കുകയാണ്. കോൺഗ്രസിലെ മായാ രാഹുലിന്റെ കാലാവധി കഴിയുമ്പോൾ ബിനു പുളിക്കകണ്ടം വൈസ് ചെയർമാൻ ആകുമെന്നാണ് യുഡിഎഫും സ്വതന്ത്രകൂട്ടായ്മയും തമ്മിൽ നേരത്തെയുണ്ടാക്കിയ ധാരണ. എന്നാൽ കോൺഗ്രസ് കൗൺസിലർ വൈസ് ചെയർമാനായാൽ മാത്രമേ താൻ സ്ഥാനം ഒഴിയൂ എന്നാണ് മായാ രാഹുലിന്റെ നിലപാട്.
യുഡിഎഫ് പിന്തുണയിലാണ് ബിനു പുളിയ്ക്കക്കണ്ടം നയിക്കുന്ന നഗരസഭ കൗൺസിലിലെ മൂന്നംഗ സ്വതന്ത്ര കൂട്ടായ്മ നഗരസഭ ഭരിക്കുന്നത്.
കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ വാർഡ് കൗൺസിലർ കൂടിയായ ബിജു മാത്യുവും മകളെ മുൻനിർത്തി നഗരസഭ ഭരിക്കുന്ന ബിനു പുളിയ്ക്കക്കണ്ടവും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സ്റ്റാൻഡ് അനുവദിക്കില്ലെന്ന് സ്വതന്ത്ര കൂട്ടായ്മ നിലപാടെടുത്തതോടെയാണ് പാർലമെന്ററി പാർടി യോഗത്തിൽ ബിജു മാത്യുവിനെ ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും മർദിച്ചത്.
വിഷയം ചർച്ച ചെയ്യാൻ പത്ത് ദിവസത്തിനകം കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ നഗരസഭ സെക്രട്ടറിയ്ക്ക് മുൻകൂർ നോട്ടീസ് നൽകിയിട്ടുണ്ട്. 26 അംഗ കൗൺസിലിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്ത് 12 അംഗങ്ങളുണ്ട്.










0 comments